
ലണ്ടൻ ഡെർബിയിൽ മോയസിന്റെ വെസ്റ്റ് ഹാമിന്റെ മുന്നിൽ ചെൽസിക്ക് അടിപതറി. എതിരില്ലാത്ത 1 ഗോളിനാണ് വെസ്റ്റ് ഹാം സ്വന്തം മൈതാനത്ത് ജയം നേടിയത്. ഇന്നത്തെ തോൽവിയോടെ കിരീട പോരാട്ടത്തിൽ ചെൽസിയുടെ സാധ്യതകൾ ഏതാണ്ട് അസ്തമിച്ചു.
ചെൽസി നിരയിൽ ബകായോകോ തിരിച്ചെത്തിയപ്പോൾ മോസസിന് പകരം ഇത്തവണയും സപകോസ്റ്റേയാണ് ഇറങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ മികച്ച മുന്നേറ്റങ്ങൾ നടത്താൻ വെസ്റ്റ് ഹാമിനായി. 6 ആം മിനുട്ടിലായിരുന്നു വെസ്റ്റ് ഹാം ഗോൾ പിറന്നത്. ലൻസീനിയുടെ പാസ്സ് മികച്ച ഫിനിഷിലൂടെ അനാടോവിച്ചാണ് ഹമേഴ്സിനെ മുന്നിൽ എത്തിച്ചത്. വീട് ഹാമിനായി താരത്തിന്റെ ആദ്യ ഗോളായിരുന്നു അത്. പിന്നീട് ചെൽസി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടാനായില്ല.
രണ്ടാം പകുതിയിൽ ബകയോകോക്ക് പകരം പെഡ്രോയെ ഇറക്കിയ കോണ്ടേ പിന്നീട് സമനില ഗോൾ കണ്ടെത്താനാവാതെ വന്നതോടെ മോസസിനെയും വില്ലിയനെയും ഇറക്കി. പക്ഷെ വെസ്റ്റ് ഹാം മികച്ച രീതിയിൽ പ്രതിരോധിച്ചതോടെ ഗോൾ മാത്രം പിറന്നില്ല. അവസാന മിനുട്ടുകളിൽ ചെൽസിക്ക് മൊറാട്ടയിലൂടെയും ഹസാർഡിലൂടെയും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഇരുവരും മോശം ഫിനിഷിലൂടെ അവസരം തുലച്ചു. വെസ്റ്റ് ഹാം ആവട്ടെ ചെൽസിയുടെ ആക്രമണത്തെ വിജയകരമായി തന്നെ പ്രതിരോധിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial