ചുവപ്പ് കാർഡിനെയും മറികടന്ന് ആൻഫീൽഡിൽ സമനില സമ്പാദിച്ച് ചെൽസി

20210828 234536

ആൻഫീൽഡിൽ ഇന്ന് നടന്ന വമ്പന്മാരുടെ പോരാട്ടം സമനിലയിൽ അവസാനിച്ചു. ലിവർപൂളും ചെൽസിയും 1-1 എന്ന സ്കോറിലാണ് പിരിഞ്ഞത്. 45 മിനുട്ടോളം പത്തു പേരുമായി കളിച്ച ചെൽസിക്ക് ഈ സമനില ഒരു വലിയ നേട്ടമായി.

ആവേശകരമായ മത്സരം തന്നെയാണ് ഇന്ന് ആൻഫീൽഡിൽ കണ്ടത്. ആൻഫീൽഡിൽ നിറഞ്ഞ ലിവർപൂൾ ആരാധകർക്ക് മുന്നിൽ ക്ലോപ്പിന്റെ ടീമിന്റെ ആധിപത്യം ഇന്ന് നടന്നില്ല. ഗംഭീര ഫോമിൽ ഉള്ള ചെൽസി മികച്ച രീതിയിലാണ് കളി തുടങ്ങിയത്. കായ് ഹവേർട്സും ലുകാകുവുമൊക്കെ ലിവർപൂൾ ഡിഫൻസിന് തുടക്കത്തിൽ തലവേദന നൽകി. ജോർഗീഞ്ഞോയും കാന്റെയും ചേർന്ന് ലിവർപൂൾ മധ്യനിരക്ക് മേലെയും ആധിപത്യം പുലർത്തി. 22ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ചെൽസി ലീഡ് എടുത്തു. റീസ് ജെയിംസ് എടുത്ത കോർണർ ഫ്രണ്ട് പോസ്റ്റിൽ നിന്ന് ഒരു ഫ്ലിക്ക് ഹെഡറിലൂടെ കായ് ഹവേർട്സ് വലയിൽ എത്തിക്കുക ആയിരുന്നു.

ഇതിനു ശേഷം ചെൽസി തന്നെയാണ് കളി നിയന്ത്രിച്ചത്. പക്ഷെ 45ആം മിനുട്ടിൽ കളി ആകെ മാറി. ലിവർപൂളിന്റെ ഒരു ഗോളെന്ന് ഉറച്ച അവസരം റീസ് ജെയിംസിന്റെ കയ്യി തട്ടി നിന്നു. വാർ പരിശോധനയ്ക്ക് ശേഷം റഫറി ജെയിംസിന് ചുവപ്പ് കാർഡും ഒപ്പം ലിവർപൂളിന് പെനാൾട്ടിയും വിധിച്ചു. സലാ പന്ത് വലയിൽ എത്തിച്ച് ലിവർപൂളിന് സമനില നൽകി.

രണ്ടാം പകുതിയിൽ ഒരാളുടെ മുൻതൂക്കവുമായി എത്തിയ ലിവർപൂൾ കളി പൂർണ്ണമായും നിയന്ത്രിച്ചു. എങ്കിലും ചെൽസി ഡിഫൻസിനെ കീഴ്പ്പെടുത്താൻ അവർ കഷ്ടപ്പെട്ടു. മെൻഡിയുടെ ഗംഭീര സേവുകളും ലിവർപൂളിന് തടസ്സമായി നിന്നു. ഈ സമനിലയോടെ രണ്ട് ടീമുകളും മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴു പോയിന്റുമായി നിൽക്കുകയാണ്.

Previous articleവീണ്ടും ഗോളുമായി ഗ്രേ, എവർട്ടൺ ബ്രൈറ്റണെ വീഴ്ത്തി
Next articleലെവൻഡോസ്കി ഹാട്രിക്ക്, അഞ്ച് ഗോൾ ജയവുമായി ബയേൺ മ്യൂണിക്ക്