ടോപ് ഫോർ ഉറപ്പിക്കാൻ ചെൽസിയും ലെസ്റ്റർ സിറ്റിയും ഇന്നിറങ്ങും

അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാനുള്ള പോരാട്ടത്തിനായി ചെൽസിയും ലെസ്റ്റർ സിറ്റിയും ഇന്ന് ഇറങ്ങും. ചെൽസിയുടെ സ്വന്തം ഗ്രൗണ്ടിൽ നടക്കുന്ന മത്സരം ഇരു ടീമുകൾക്കും വളരെ നിർണായകമാണ്. കഴിഞ്ഞ ദിവസം നടന്ന എഫ്.എ കപ്പ് ഫൈനൽ മത്സരത്തിന്റെ ആവർത്തനം കൂടിയാണ് ഇന്നത്തെ മത്സരം. എഫ്.എ കപ്പ് ഫൈനലിൽ ചെൽസിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ലെസ്റ്റർ സിറ്റി കിരീടം നേടിയിരുന്നു. ഇതിന് പ്രതികാരം ചോദിക്കാൻ ഉറച്ചാവും ചെൽസി ലെസ്റ്റർ സിറ്റി നേരിടുക. അതെ സമയം ഇന്നത്തെ മത്സരം ജയിച്ചാൽ ലെസ്റ്റർ സിറ്റിക്ക് ടോപ് ഫോർ ഉറപ്പിക്കാൻ കഴിയും.

ചെൽസി നിരയിൽ പരിക്ക് മാറി പ്രതിരോധ താരം ക്രിസ്റ്റൻസണും മിഡ്ഫീൽഡർ കോവസിച്ചും ടീമിൽ തിരിച്ചെത്തുന്നത് ചെൽസിയെ ശക്തമാക്കും. അതെ സമയം എഫ്.എ കപ്പ് ഫൈനലിനിടെ പരിക്കേറ്റ ലെസ്റ്റർ സിറ്റി പ്രതിരോധ താരം ജോണി ഇവാൻസ് ഇന്ന് ചെൽസിക്കെതിരെ ഇറങ്ങില്ല. കഴിഞ്ഞ ദിവസ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ അവസാന നിമിഷം അലിസൺ നേടിയ ഗോളിൽ ലിവർപൂൾ ജയിച്ചതോടെ ടോപ് ഫോർ പോരാട്ടം പുതിയ വഴിത്തിരിവിൽ എത്തിയിരുന്നു.