
ചെൽസിയുടെ ഇതിഹാസ താരം ഫ്രാങ്ക് ലംപാർഡ് തന്റെ പ്രൊഫെഷണൽ ഫുട്ബാൾ കരിയറിനോട് വിടചൊല്ലി. പ്രീമിയർ ലീഗ് കണ്ട മികച്ച താരങ്ങളിൽ ഒരാളായ ലംപാർഡ് ചെൽസിക്ക് പുറമെ വെസ്റ്റ് ഹാം , മാഞ്ചസ്റ്റർ സിറ്റി, ന്യൂയോർക്ക് സിറ്റി എഫ് സി എന്നീ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.
38 കാരനായ ലംപാർഡ് തന്റെ 21 വർഷത്തെ വിജയകരമായ കരിയറിനാണ് അവസാനം കുറിച്ചിരിക്കുന്നത്. തന്റെ കരിയറിൽ ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗ്, 3 പ്രീമിയർ ലീഗ്, 4 എഫ് എ കപ്പ്, 2 ലീഗ് കപ്പ്, യൂറോപ്പ ലീഗ് എന്നിവയും നേടിയിട്ടുണ്ട്. ചെൽസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായ 2012 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ജോൺ ട്ടെറിയുടെ അഭാവത്തിൽ ടീമിനെ നയിക്കാനുള്ള ഭാഗ്യവും ‘ സൂപ്പർ ഫ്രാങ്കി’ എന്ന് ഫാൻസ് വിളിക്കുന്ന ലംപാർഡിന് ലഭിച്ചു.
212 ഗോളുകളുമായി ചെൽസിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടകാരനാണ് ലംപാർഡ്, 106 മത്സരങ്ങളിൽ ഇംഗ്ലണ്ടിനായി കളത്തിലിറങ്ങിയ ലംപാർഡ് 29 ഗോളുകളും നേടി. 164 മത്സരങ്ങളിൽ തുടർച്ചയായി ചെൽസിക്ക് വേണ്ടി കാളത്തിലിറങ്ങിയതും, 39 വ്യത്യസ്ത ടീമുകൾക്കെതിരെ ഗോൾ നേടിയതും അടക്കം നിരവധി റെക്കോര്‍ഡുകളും ലാംപാർഡിന്റെ പേരിലുണ്ട്.
തന്റെ കാലഘട്ടത്തിലെ മികച്ച ഫുട്ബാൾ കളിക്കാരിൽ ഒരാളായ ലംപാർഡിന് ഇനി പരിശീലനത്തിലേക്കു നീങ്ങാനാണ് താൽപര്യം. ഇംഗ്ളീഷ് ഫുട്ബാൾ അസോസിയേഷന്റെ കീഴിൽ പരിശീലക ബാഡ്ജുകൾ നേടാൻ ശ്രമിക്കുന്ന താരം പുതിയ റോളിൽ ചെല്‍സിയിലേക്ക് തിരിച്ചെത്തും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. നേരത്തെ ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡ് ലിവർപൂൾ അക്കാഡമിയുടെ പരിശീലകനായി ചുമതലയേറ്റിരുന്നു.