എവർട്ടനെ തകർത്ത് ചെൽസി, അഭിമാന പോരാട്ടത്തിൽ തോറ്റ് ആർസനൽ

ഇന്നലെ നടന്ന പ്രീമിയർ ലീഗ് പോരാട്ടങ്ങളിൽ കിരീടത്തിനായി മത്സരിക്കുന്ന സ്പർസും ചെൽസിയും ജയം കണ്ടപ്പോൾ മാഞ്ചെസ്റ്റർ ടീമുകൾക്ക് സമനില. ഇന്നലെ വൈകി നടന്ന നോർത്ത് ലണ്ടൻ ഡെർബിയിൽ ആഴ്സണൽ എതിരില്ലാത്ത 2 ഗോളുകൾക്ക് സ്പർസിനോട് തോൽവി വഴങ്ങി.

കിരീടത്തിലേക്കുള്ള യാത്രയിൽ ചെൽസിക്ക് ഏറ്റവും കനത്ത വെല്ലുവിളിയാവുമെന്നു കരുതിയ പോരാട്ടത്തിൽ പക്ഷെ ഗോഡിസൻ പാർക്കിൽ രണ്ടാം പകുതിയിൽ നേടിയ 3 ഗോളുകൾക്ക് അവർ എവർട്ടനെ തകർത്തു.

ഗോൾ രഹിതമായ ആദ്യ പകുതിക് ശേഷം 66 ആം മിനുട്ടിൽ പെഡ്രോ നേടിയ കിടിലൻ ലോങ് റേഞ്ച് ഗോളിൽ ചെൽസി മുന്നിലെത്തുകയായിരുന്നു. അതുവരെ മികച്ച രീതിയിൽ ചെൽസിയെ പ്രതിരോധിച്ച എവർട്ടൻ പ്രതിരോധ നിര ആ ഒരൊറ്റ ഷോട്ടിൽ തകർന്നു. വൈകാതെ ഹസാർഡ് എടുത്ത ഫ്രീകിക് എവർട്ടൻ ഗോളി സ്റ്റക്ലൻ ബർഗ് തടുത്തെങ്കിലും ഗാരി കാഹിലിന്റെ കാലിൽ തട്ടി പന്ത് വലയിൽ ! ഇതിനിടയിൽ 82 ആം മിനുട്ടിൽ പരിക്കേറ്റ ഡേവിഡ് ലൂയിസ് പിൻമാറിയെങ്കിലും ചെൽസിയുടെ പ്രതിരോധത്തിന് വിള്ളലോന്നും വന്നില്ല. ഹസാർഡിനെയും പെഡ്രോയെയും പിൻവലിച്ചു അവർ 83 ആം മിനുട്ടിൽ കളത്തിൽ ഇറങ്ങിയ ഉടനെ തന്നെ മൂന്നാം ഗോളും പിറന്നു. ഫാബ്രിഗാസിന്റെ പാസ്സിൽ വില്ലിയന്റെ ഗോൾ. ഇനിയുള്ള 4 മത്സരങ്ങളിൽ 3 ഉം ഹോം മത്സരങ്ങളാണ് ചെൽസിക്ക് ഉള്ളത്, അതുകൊണ്ട് തന്നെ കിരീട പോരാട്ടത്തിൽ മാനസികമായ മുൻതൂക്കം ചെൽസിക്ക് തന്നെയുമാണ്. 34 കളികളിൽ നിന്ന് 81 പോയിന്റുണ്ട് ചെൽസിക്ക്.

ചെൽസിയുടെ ജയം അറിഞ്ഞ ഉടനെ ആഴ്സണലിനെ നേരിടാനിറങ്ങിയ ടോട്ടൻഹാം അവരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ചു, ഇതോടെ 22 വർഷങ്ങൾക്കിപ്പുറം ടോട്ടൻഹാം ആഴ്സണാലിന് മുകളിലായി സീസൺ അവസാനിപ്പിക്കും എന്ന് ഉറപ്പായി. മത്സരത്തിന്റെ സർവ്വ മേഖലകളിലും ആധിപത്യം പുലർത്തിയ സ്പർസിന് ഇതോടെ ചെൽസിയുമായുണ്ടായിരുന്നു 4 പോയിന്റ് വിത്യാസം നില നിർത്താനായി.

ഗോൾ രഹിതമായ ഒന്നാം പകുതിയിൽ ഭൂരിഭാഗം സമയവും പന്ത് കൈവശം വച്ച സ്പർസ് മികച്ച ഏതാനും ആക്രമണങ്ങളും നടത്തി. ഗോളെന്നുറച്ച അവസരങ്ങൾ അലിയും എറിക്സണും നഷ്ടപെടുത്തിയില്ലായിരുന്നെങ്കിൽ ആഴ്സണലിന്റെ തോൽവി ഇതിലും മോശമാവുമായിരുന്നു. രണ്ടാം പകുതിയിൽ പക്ഷെ സ്പർസ് ആക്രമണത്തിന് കൃത്യമായ ലക്ഷ്യം വച്ചതിന്റെ ഫലം അവർക്ക് 55 ആം മിനുട്ടിൽ അലിയുടെ ഗോളിലൂടെ ലഭിക്കുകയും ചെയ്തു. ഏറെ വൈകാതെ പെനാൽറ്റിയിലൂടെ സ്പർസ് ലീഡ് രണ്ടായി ഉയർത്തി. ഹാരി കെയ്‌നാണ് ഗോൾ നേടിയത്. ജയത്തോടെ 77 പോയിന്റായി സ്പർസിന്. സീസണിലെ അവസാന ഹോം മത്സരം കളിച്ച അവർക്കിനിയുള്ള 4 മത്സരങ്ങളും എവേ മത്സരങ്ങളാണ്. ചെൽസിയേക്കാൾ താരതമ്യേന കടുത്ത എതിരാളികളും. ഏതായാലും ഈ സീസണിലെ വിജയികളെ അറിയണമെങ്കിൽ അവസാന മത്സര ഫലം വരെ കാത്തിരിക്കേണ്ടി വരും.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും സ്വന്തം കളിക്കളത്തിൽ സമനില കുരുക്ക്. ലീഗിൽ അവസാന സ്ഥാനക്കാരിൽ ഒരാളായ സ്വാൻസിയാണ് യുണൈറ്റഡിനെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

പ്രധാന താരങ്ങളുടെ പരിക്ക് കാരണം ഏറെ വലഞ്ഞ മൗറീഞ്ഞോയുടെ ആശങ്ക വർധിപ്പിച്‌ വീണ്ടും പരിക്ക് ഭീഷണി, ഇത്തവണ എറിക് ബെയ്ലിയും ലൂക് ഷോയുമാണ് പരിക്കേറ്റ്‌ പുറത്തായത്. ഇതോടെ വരാനിരിക്കുന്ന മത്സരങ്ങളിൽ യൂണൈറ്റഡ് പ്രതിരോധത്തിൽ പ്രധാനപ്പെട്ട ആരും തന്നെ ഉണ്ടാവില്ല.

വിവാദ തീരുമാനത്തിലാണ് യുണൈറ്റഡ്‌ ലീഡ് നേടിയത്. രാഷ്ഫോഡിനെ സ്വാൻസി ഗോളി ഫാബിയാൻസ്കി വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ക്യാപ്‌റ്റൻ വെയ്ൻ റൂണി വലയിലെത്തിക്കുകയായിരുന്നു. പക്ഷെ റിപ്ലെകളിൽ രാഷ്ഫോഡ് ഡൈവ് ചെയ്തു എന്നുതന്നെയാണ് വ്യക്തമായത്. സ്വാൻസി പരിശീലകൻ പോൾ ക്ലമന്റ് മത്സര ശേഷം രാഷ്ഫോഡ് റഫറിയെ കബളിപ്പിക്കുകയായിരുന്നു എന്ന് ആരോപിക്കുകയും ചെയ്തു.
എന്നാൽ രണ്ടാം പകുതിയിൽ സ്വാൻസി സമനില നേടി. സീസണിലെ അവരുടെ ഏറ്റവും മികച്ച താരം സിഗേഴ്‌സൻ മികച്ച ഫ്രീകിക്കിലൂടെ ഡേവിഡ് ഡിഗയയെ മറികടന്ന് പന്ത് വലയിലാക്കി. ഈ സീസണിൽ യൂണൈറ്റഡ് വഴങ്ങുന്ന പതിനാലാം സമനിലയാണ് ഇന്നലത്തേത്.

19 ആം സ്ഥാനക്കാരോട്‌ സമനില വഴങ്ങിയ മാഞ്ചസ്റ്റർ സിറ്റി ടോപ്പ് 4 പോരാട്ടത്തിൽ സമ്മർദ്ദത്തിലായി. രണ്ടു പ്രാവശ്യം പിന്നിൽ പോയ ശേഷമാണ് സിറ്റി സമനില നേടിയത്. തരം താഴ്ത്തൽ ഭീഷണി ഒഴിവാക്കാൻ പെടാപ്പാട് പെടുന്ന മിഡിൽസ്ബറോ ജയിക്കാനുള്ള സുവർണാവസരം കളഞ്ഞു കുളിക്കുകയും ചെയ്തു. സിറ്റിക്കായി സെർജിയോ അഗ്യൂറോ, ഗബ്രിയേൽ ജീസസ് എന്നിവർ ഗോൾ നേടിയപ്പോൾ മിഡിൽസബറോക്കായി നെഗ്രെടോയും ചേമ്പേഴ്സും ഗോളടിച്ചു