അഭ്യൂഹങ്ങൾക്ക് വിട, പുത്തൻ കരാർ ഒപ്പിട്ട് കോണ്ടേ

- Advertisement -

ട്രാൻസ്ഫർ പ്രശ്നങ്ങളിൽ ഉടക്കി അന്റോണിയോ കോണ്ടേ ചെൽസി വിട്ടേക്കും എന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ചെൽസിയും പരിശീലകൻ അന്റോണിയോ കോണ്ടേയും പുത്തൻ കരാറിൽ ഒപ്പുവച്ചു. രണ്ട് വർഷത്തേക്കാണ് ഇറ്റലികാരനായ ആന്റോണിയോ കോണ്ടേ കരാർ പുതുക്കിയത്.

ഇംഗ്ലീഷ് ഫുട്ബോളിലെ ആദ്യ സീസണിൽ തന്നെ കിരീടം ചൂടി ക്ലബ്ബ് തന്നിൽ അർപ്പിച്ച വിശ്വാസം തിരിച്ചു നൽകിയ കോണ്ടേക്ക് ശമ്പളത്തിൽ അടക്കം ഭീമമായ വർധനവ് നൽകിയാണ് ചെൽസി പുതിയ കരാർ സമ്മാനിച്ചത്. കഴിഞ്ഞ സീസൺ അവസാനത്തോടെ തന്നെ പുതിയ കരാർ ഒപ്പിടുമെന്ന സൂചനകൾ വന്നിരുന്നെങ്കിലും കോണ്ടേ ആവശ്യപ്പെട്ട കളിക്കാരെ ചെൽസി ബോർഡിന് സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തിക്കാൻ പറ്റാതായതോടെ കൊണ്ടേയും ചെൽസിയും വഴി പിരിയും എന്ന ഘട്ടം വരെ കാര്യങ്ങൾ എത്തിയിരുന്നു. എന്നാൽ അൽപം വൈകിയാണെങ്കിലും റുഡീകർ, ബകയോക്കോ എന്നിവരെ പുതുതായി ടീമിൽ എത്തിച്ച ചെൽസി ബോർഡ് വരും ദിവസങ്ങളിൽ പുതിയ സ്‌ട്രൈക്കർ ഉൾപ്പെടെ ഏതാനും കളിക്കാരെ കൂടി ടീമിൽ എത്തിക്കുമെന്നാണ് അറിയുന്നത്.

പുതിയ കരാർ പ്രകാരം 2019 വരെ ചെൽസി പരിശീലകനായി കോണ്ടേ ഉണ്ടാകും. വരും ദിവസങ്ങളിൽ സൂപ്പർ താരം ഈഡൻ ഹസാർഡ് ഉൾപ്പെടെയുള്ള താരങ്ങൾക്ക് ചെൽസി പുത്തൻ കരാർ സമ്മാനിക്കും എന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement