ചെൽസിക്ക് ഇന്ന് നിർണായക ലണ്ടൻ ഡർബി

പ്രീമിയർ ലീഗിൽ ടോപ്പ് 4 പോരാട്ടത്തിൽ നിർണായകമായ മത്സരത്തിൽ ചെൽസി ഇന്ന് സ്പർസിനെതിരെ. ചെൽസിയുടെ മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് മത്സരം അരങ്ങേറുക. ഇന്ത്യൻ സമയം രാത്രി 8.30 നാണ് ലണ്ടനിലെ ശത്രുക്കൾ തമ്മിൽ ഏറ്റുമുട്ടുന്ന മത്സര കിക്കോഫ്.

ഇന്ന് ജയിക്കാനായില്ലെങ്കിൽ ഇത്തവണ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാതെ സീസൺ ഫിനിഷ് ചെയേണ്ടി വരുമെന്ന ഉറപ്പിലാണ് ചെൽസി ഇന്ന് കളിക്കാൻ ഇറങ്ങുന്നത്. 8 മത്സരങ്ങൾ മാത്രം ബാക്കിയിരിക്കെ സ്പർസുമായി 5 പോയിന്റ് വ്യത്യാസത്തിൽ അഞ്ചാം സ്ഥാനത്താണ് ചെൽസി. ഇന്ന് അവരെ തോൽപിച്ചു അത് 2 പോയിന്റാക്കി സമ്മർദ്ദം നില നിർത്താനായാൽ ചെൽസിക്ക് നാലാം സ്ഥാന സാധ്യതകൾ വർധിക്കും.

ചെൽസി നിരയിൽ ഗോളി തിബോ കോർട്ടോ, ഡിഫൻഡർ ക്രിസ്റ്റിയൻസെൻ, ഡേവിഡ് ലൂയിസ് എന്നിവർ കളിക്കില്ല എന്ന് ഉറപ്പാണ്. സ്പർസ് നിരയിലേക്ക് ഹാരി കെയ്ൻ മടങ്ങി എത്തിയേക്കും. എങ്കിലും തുടക്കം മുതൽ കളിക്കാൻ സാധ്യതയില്ല. തോബി ആൾഡർവീൽഡിനും അവസരം ലഭിച്ചേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial