ഇഞ്ചുറി ടൈമിൽ യൂണൈറ്റഡിനെതിരെ സമനില പിടിച്ച് ചെൽസി

- Advertisement -

ആവേശകരമായ മത്സരത്തിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ സ്വന്തം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ സമനില പിടിച്ച് ചെൽസി. ഒരു വേള മത്സരത്തിൽ പരാജയത്തെ നേരിൽ കണ്ട ചെൽസി ബാർക്ലിയുടെ ഗോളിൽ സമനില പിടിക്കുകയായിരുന്നു.

പതിവുപോലെ മത്സരത്തിൽ കൂടുതൽ സമയം പന്ത് കൈവശം വെച്ചുകൊണ്ടാണ് ചെൽസി മത്സരം തുടങ്ങിയത്. തുടർന്നാണ് വില്യന്റെ കോർണറിൽ നിന്ന് ഹെഡറിലൂടെ റുഡിഗർ ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതിയിൽ പുറത്തെടുത്ത മികച്ച പ്രകടനം രണ്ടാം പകുതിയിൽ പുറത്തെടുക്കാനാവാതെ പോയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിലേക്ക് തിരിച്ചു വരുകയായിരുന്നു.

ആഷ്‌ലി യങിന്റെ പാസ് ജോർജിഞ്ഞോയുടെ ദേഹത്ത് തട്ടി മാർഷ്യലിനു ലഭിക്കുകയും താരം ഗോളകുകയുമായിരുന്നു. സമനില നേടിയതോടെ മത്സരത്തിൽ താളം കണ്ടെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അധികം താമസിയാതെ മത്സരത്തിൽ രണ്ടാമത്തെ ഗോളും നേടി ലീഡ് പിടിച്ചു. ഇത്തവണ റാഷ്‌ഫോർഡിന്റെ പാസിൽ നിന്നാണ് മാർഷ്യൽ ഗോൾ നേടിയത്.

ലീഡ് നേടിയതോടെ കൂടുതൽ പ്രതിരോധത്തിൽ ഊന്നി കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയെ ആക്രമണത്തിന് ക്ഷണിക്കുകയായിരുന്നു. തുടർന്നാണ് ലൂയിസിന്റെ ഹെഡറിൽ നിന്ന് പന്ത് പോസ്റ്റിൽ തട്ടി തെറിക്കുകയും തുടർന്ന് റുഡിഗറിന്റെ ശ്രമം ഡേവിഡ് ഡി ഹിയ രക്ഷപെടുത്തിയെങ്കിലും തുടർന്ന് പന്ത് ലഭിച്ച റോസ് ബാർക്ലി ഡി ഹിയക്ക് ഒരു അവസരവും നൽകാതെ ഗോളകുകയായിരുന്നു.

ഗോളടിച്ച ശേഷം സരിയുടെ പരിശീലക സംഘത്തിൽ  പെട്ട  മാർക്കോ ഇയാനി മൗറിഞ്ഞോയുമായി വാഗ്വാദത്തിൽ പെട്ടതും മത്സരത്തിന്റെ എരിവ് കൂട്ടി. മത്സരം സമനിലയിലായതോടെ ചെൽസി സീസണിൽ പരാജയമറിയാതെ മുന്നേറുകയാണ്.

Advertisement