ചെൽസി കുതിപ്പ് തുടരുന്നു, വെസ്റ്റ് ബ്രോമിനെതിരെ വമ്പൻ ജയം

- Advertisement -

പ്രീമിയർ ലീഗിൽ ചെൽസിയുടെ വിജയ പരമ്പര തുടരുന്നു. വെസ്റ്റ് ബ്രോമിനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത ചെൽസി കിരീട പോരാട്ടത്തിൽ തങ്ങളുടെ സാന്നിധ്യവും ഉറപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. ചെൽസിയുടെ ആക്രമണ നിരയിലെ എല്ലാവരും മികച്ച പ്രകടനം നടത്തിയ മത്സരത്തിൽ വെസ്റ്റ് ബ്രോം തീർത്തും നിറം മങ്ങിയ പ്രകടനമാണ് നടത്തിയത്. ചെൽസിക്കായി ഹസാർഡ് രണ്ടു ഗോളുകൾ നേടിയപ്പോൾ മൊറാത്ത, അലോൻസോ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.

ഡേവിഡ് ലൂയിസ് ഇത്തവണ ബെഞ്ചിൽ ഇരുന്നപ്പോൾ തുടർച്ചയായ രണ്ടാം മത്സരത്തിലും ക്രിസ്റ്റിയൻസൻ ആദ്യ ഇലവനിൽ ഇടം നേടി. മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ അണിനിരന്ന അതേ ടീമിൽ ഒരു മാറ്റവും ഇല്ലാതെയിറങ്ങിയ ചെൽസിയെ പ്രതിരോധിക്കാൻ തുടക്കം മുതൽ തന്നെ വെസ്റ്റ് ബ്രോം പാട് പെട്ടു. 17 ആം മിനുട്ടിൽ മൊറാത്തയുടെ ഗോളിൽ ചെൽസി ലീഡ് നേടി. ഹസാർഡിന്റെ ഷോട്ട് ഫോസ്റ്റർ തടുത്തെങ്കിലും അവസരം മുതലെടുത്ത മൊറാത്ത തന്റെ ലീഗിലെ 8 ആം ഗോൾ സ്വന്തമാക്കി. വൈകാതെ 23 ആം മിനുട്ടിൽ മൊറാത്തയുടെ മനോഹരമായൊരു അസിസ്റ്റിൽ ഹസാർഡ് ഗോൾ നേടിയതോടെ വെസ്റ്റ് ബ്രോമിന്റെ ആത്മവിശ്വാസം പാടെ നഷ്ടപ്പെട്ടു. 38 ആം മിനുട്ടിൽ മൊറാത്തയെ ബോക്സിന് പുറത്ത് ഹെഗാസി വീഴ്തോയത്തിന് ലഭിച്ച ഫ്രീകിക്ക് ഫാബ്രിഗാസ് ആലോൻസോക്ക് മികച്ച കിക്കിൽ കൈമാറി, ആലോൻസോയുടെ മികച്ച ഫിനിഷ് വല കുലുക്കിയതോടെ ഹാൾഫ് ടൈമിനു മുന്നേ തന്നെ ചെൽസി മൂന്ന് ഗോളിന്റെ ലീഡ് നേടി. വെസ്റ്റ് ബ്രോം ഏതാനും അവസരങ്ങൾ സൃഷ്ടിച്ചിരുന്നെങ്കിലും അവയൊന്നും ചെൽസി പ്രതിരോധത്തെ കീഴടക്കാൻ പോന്നതായിരുന്നില്ല.

രണ്ടാം പകുതിയിലും ചെൽസിക്ക് വെല്ലുവിളി ഉയർത്താൻ വെസ്റ്റ് ബ്രോമിനായില്ല. ചെൽസിയുടെ മികച്ച പാസിംഗ് ഗെയിമിന് മുന്നിൽ വെസ്റ്റ് ബ്രോം പതറിയപ്പോൾ ഹസാർഡും ഫാബ്രിഗാസും ചെൽസിക്ക് നാലാം ഗോൾ സമ്മാനിച്ചു. ഇത്തവണ ഫാബ്രിഗാസിന്റെ പാസ്സിൽ ഹസാർഡ് 63 ആം മിനുട്ടിൽ ഗോൾ നേടിയതോടെ വെസ്റ്റ് ബ്രോമിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു. ജയം ഉറപ്പിച്ചതോടെ ഫാബ്രിഗാസിനെയും ഹസാർഡിനെയും പിൻവലിച്ച് ഡ്രിങ്ക് വാട്ടറിനെയും പെഡ്രോയെയും ഇറക്കി. പിന്നീട് ഉള്ള സമയം അത്രയും ചെൽസി നിയന്ത്രിച്ചപ്പോൾ വെസ്റ്റ് ബ്രോമിന് ആശ്വാസ ഗോൾ പോലും കണ്ടെത്താനായില്ല. പ്രീമിയർ ലീഗിൽ ചെൽസിയുടെ തുടർച്ചയായ നാലാം ജയമാണ് ഇന്നത്തേത്.

ജയത്തോടെ 25 പോയിന്റുള്ള ചെൽസി തൽക്കാലത്തേക്ക് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്നത്തെ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ജയിച്ചില്ലെങ്കിൽ ചെൽസിക്ക് രണ്ടാം സ്ഥാനത്ത് തന്നെ തുടരാം. എന്നാലും സ്പർസിനെ മറികടന്ന് ചെൽസി മൂന്നാം സ്ഥാനത് ഉണ്ടാവും. 10 പോയിന്റ് മാത്രമുള്ള വെസ്റ്റ് ബ്രോം  17 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement