ലോകോത്തര ഗോളുമായി സീയെച്ച്, ചെൽസിയോട് വീണ്ടും തോറ്റ് സ്പർസ്‌

2022ൽ തുടർച്ചയായ മൂന്നാം തവണയും ചെൽസിയോട് പരാജയമറിഞ്ഞ് സ്പർസ്‌. പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ 2 ഗോളുകൾക്കാണ് ചെൽസി ജയം സ്വന്തമാക്കിയത്. ഈ മാസം നടന്ന ലീഗ് കപ്പ് സെമി ഫൈനലിന്റെ രണ്ട് പാദങ്ങളിലും ചെൽസി ജയം സ്വന്തമാക്കിയിരുന്നു. ആദ്യ പകുതിയിൽ ചെൽസിയാണ് മത്സരത്തിൽ മുന്നിട്ട് നിന്നതെങ്കിലും ഗോൾ നേടാൻ അവർക്കായില്ല. ഗോൾ രഹിതമായ ആദ്യ പകുതിയിൽ ഹാരി കെയ്ൻ ചെൽസി ഗോൾ വല കുലുക്കിയെങ്കിലും റഫറി ചെൽസിക്ക് അനുകൂലമായി ഫൗൾ വിളിച്ചത് ചെൽസിക്ക് തുണയായി.

തുടർന്ന് രണ്ടാം പകുതിയിൽ ഹക്കിം സീയെച്ചിന്റെ ലോകോത്തര ഗോളിലാണ് ചെൽസി മുൻപിലെത്തിയത്. ഹഡ്സൺ ഒഡോയുടെ പാസ് സ്വീകരിച്ച സീയെച്ച് പെനാൽറ്റി ബോക്‌സിന് പുറത്തുനിന്നു തൊടുത്ത ഷോട്ട് സ്പർസ്‌ വലയിൽ പതിക്കുന്നത് നോക്കി നിൽക്കാൻ മാത്രമാണ് ഗോൾ കീപ്പർ ലോറിസിന് കഴിഞ്ഞത്. അധികം കഴിയുന്നതിന് മുൻപ് തന്നെ മേസൺ മൗണ്ടിന്റെ ഫ്രീ കിക്കിൽ നിന്ന് തിയാഗോ സിൽവയിലൂടെ ചെൽസി ലീഡ് ഇരട്ടിയാക്കി. തുടർന്ന് മത്സരം നിയന്ത്രിച്ച ചെൽസി വിലപ്പെട്ട ജയം സ്വന്തമാക്കുകയായിരുന്നു.