ലിവർപൂളിനെതിരെ ജയം , ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് പുതുജീവൻ

- Advertisement -

ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമാക്കി ലിവർപൂളിനെതിരെ ചെൽസിക്ക് ജയം. ഒലിവർ ജിറൂദ് നേടിയ ഏക ഗോളിലാണ് ചെൽസി ലിവർപൂളിനെ മറികടന്നത്. ജയത്തോടെ ചെൽസി ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമാക്കിയപ്പോൾ തോൽവിയോടെ അവസാനത്തെ മത്സരം ലിവർപൂളിന് നിർണ്ണായകമായി. ലിവർപൂളിനേക്കാൾ ഒരു മത്സരം കുറച്ചു കളിച്ച ചെൽസി ബുധനാഴ്ച നടക്കുന്ന ഹഡേഴ്സ്ഫീൽഡിനെതിരെ മത്സരം ജയിച്ചാൽ പോയിന്റ് പട്ടികയിൽ ലിവർപൂളിനൊപ്പമെത്താം.

ലിവർപൂളിന്റെ മുന്നേറ്റം കണ്ടു കൊണ്ടാണ് മത്സരം തുടങ്ങിയത്. പക്ഷെ തുടർന്ന് ചെൽസി പ്രതിരോധം ഉണർന്ന് കളിച്ചതോടെ ലിവർപൂളിന് അവസരങ്ങൾ കുറഞ്ഞു. തുടർന്നാണ് വിക്ടർ മോസസിന്റെ ക്രോസിൽ നിന്ന് ഹെഡറിലൂടെ ജിറൂദ് മത്സരത്തിലെ നിർണായക ഗോൾ നേടിയത്. സീസണിൽ മിന്നും ഫോമിലുള്ള മുഹമ്മദ് സലയെ ചെൽസി പ്രതിരോധം വരിഞ്ഞു കെട്ടിയതോടെ ലിവർപൂൾ ആക്രമണങ്ങൾക്ക് മൂർച്ച കുറയുകയും ചെയ്തു.

തുടർന്ന് രണ്ടാം പകുതിയിലും ഇരു ടീമുകളും ഗോൾ നേടാൻ ശ്രമിച്ചെങ്കിലും ഗോൾ നേടാൻ ഇരു കൂട്ടർക്കുമായില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സമനില ഗോൾ നേടാൻ ലിവർപൂൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ചെൽസി പ്രതിരോധം തീർത്ത കവചം മറികടക്കാൻ ലിവർപൂളിനായില്ല.

ജയത്തോടെ 36 മത്സരങ്ങളിൽ നിന്ന് 69 പോയിന്റുമായി ചെൽസി ലീഗിൽ അഞ്ചാം സ്ഥാനത്താണ്.  37 മത്സരങ്ങളിൽ നിന്ന് 72 പോയിന്റുമായി ലിവർപൂൾ മൂന്നാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement