ഹാവേർട്സ് മാജിക്കിൽ ചെൽസിക്ക് ജയം

കായ് ഹാവെർട്സിന്റെ ഇരട്ടഗോളിൽ പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് യോഗ്യതക്കായി പൊരുതുന്ന ചെൽസിക്ക് ജയം. ഫുൾഹാമിനെയാണ് ചെൽസി പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ 2 ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. ജയത്തോടെ ചെൽസി തങ്ങളുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത സജീവമാക്കിയപ്പോൾ ഇന്നത്തെ തോൽവി ഫുൾഹാമിന്റെ റെലെഗേഷൻ ഏകദേശം ഉറപ്പാക്കി. റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മുൻപിൽ കണ്ടുകൊണ്ട് പല താരങ്ങൾക്കും വിശ്രമം നൽകിയാണ് ചെൽസി മത്സരം തുടങ്ങിയത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മേസൺ മൗണ്ടിന്റെ മികച്ച ഒരു പാസിന് ഒടുവിലാണ് ഹാവേർട്സ് ആദ്യ ഗോൾ നേടിയത്. എന്നാൽ ഒരു ഗോളിന് പിന്നിൽ ആയെങ്കിലും ആദ്യ പകുതിയിൽ ചെൽസി ഗോൾ കീപ്പർ മെൻഡിയെ പരീക്ഷിക്കാൻ ഫുൾഹാമിനായി. എന്നാൽ ലഭിച്ച അവസരങ്ങൾ ഒന്നും ഗോളാക്കാൻ അവർക്കായില്ല. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ചെൽസി ഫുൾഹാം ഗോൾ വല വീണ്ടും കുലുക്കി മത്സരം തങ്ങളുടെ വരുതിയിലാക്കി. ഇത്തവണ ടിമോ വെർണറിന്റെ മനോഹരമായ പാസിൽ നിന്ന് ഹാവേർട്സ് ആണ് ഗോൾ നേടിയത്. തുടർന്ന് മത്സരത്തിൽ ചെൽസി ഫുൾഹാമിന് കൂടുതൽ അവസരങ്ങൾ നൽകാതെ മത്സരം പൂർത്തിയാകുകയായിരുന്നു.