കിരീട ഓർമ്മകളുമായി ചെൽസി ഇന്ന് വീണ്ടും വെസ്റ്റ് ബ്രോമിൽ

- Advertisement -

ചെൽസിക്ക് ഇ വെസ്റ്റ് ബ്രോം കടമ്പ. പ്രീമിയർ ലീഗ് കിരീടം നേടിയ അതേ മൈതാനത്തേക്ക് ഇന്ന് നീല പട വീണ്ടും ഇറങ്ങുമ്പോൾ പക്ഷെ അവർ ഇത്തവണ നാലാം സ്ഥാനത്താണ്‌. എങ്കിലും രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപിച്ച ആത്മവിശ്വാസവുമായി കൊണ്ടേയുടെ ടീം പ്യുലിസിന്റെ ടീമിനെ നേരിടുമ്പോൾ സാധ്യതകളും ചരിത്രവും ചെൽസിക്ക് അനുകൂലമാണ്. എങ്കിലും മികച്ച പ്രതിരോധത്തിന് പേരുകേട്ട വെസ്റ്റ് ബ്രോം പഴയ ഫോം വീണ്ടെടുത്താൽ ചെൽസിക്ക് കാര്യങ്ങൾ എളുപ്പമാവാൻ ഇടയില്ല.

ആഗസ്റ്റിന് ശേഷം ഒരു മത്സരം പോലും ജയിക്കാത്ത വെസ്റ്റ് ബ്രോം അവരുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ് ഉള്ളത്. ആരാധകരിൽ ഒരു കൂട്ടത്തിന് നിലവിലുള്ള പരിശീലകൻ പ്യുലിസിന്റെ നിലപാടുകളിൽ കടുത്ത അതൃപ്തി ഉണ്ട്. അതുകൊണ്ട് തന്നെ സമ്മർദ്ദം  ഇന്ന് പ്യുലീസിന് തന്നെയാവും. നിലവിൽ ലീഗിൽ 16 ആം സ്ഥാനത്താണ്‌ അവർ. ചെൽസി പക്ഷെ സമ്മിശ്ര പ്രകടങ്ങളുമായി 23 പോയിന്റ് നേടിയെങ്കിലും അവരുടെ കാര്യത്തിൽ ഇതുവരെ ഒരു സ്ഥിരത വന്നിട്ടില്ല. അതുകൊണ്ട് തന്നെ കരുതലോടെയാവും ചെൽസി ഇന്നിറങ്ങുക.

മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ പുറത്തിരുത്തിയ ഡേവിഡ് ലൂയിസ് ടീമിൽ തിരിച്ചെത്തും എന്ന് കോണ്ടേ അറിയിച്ചിട്ടുണ്ടെങ്കിലും ആദ്യ ഇലവനിൽ ഇടം നേടാൻ സാധ്യതയില്ല. ലൂയിസിന്‌ പകരം കളിച്ച ക്രിസ്റ്റിയൻസന്റെ മികച്ച ഫോം ലൂയിസിന്‌ തടസമായേകും. ഡെന്മാർക്കിന് ലോകകപ്പ് യോഗ്യതാ നൽകിയ മത്സരത്തിലെ മികച്ച പ്രകടനത്തിന് ശേഷം എത്തുന്ന യുവ താരത്തെ തന്നെ കോണ്ടേ ഇത്തവണയും തന്റെ പ്രതിരോധത്തിന്റെ നടുവിൽ നിയമിച്ചേക്കും. ക്യാപ്റ്റൻ ഗാരി കാഹിലും ടീമിൽ ഉണ്ടാവും. പരിക്കേറ്റ ചാർളി മുസോണ്ട കളിച്ചേക്കില്ല. വെസ്റ്റ് ബ്രോം നിരയിൽ റോണ്ടോന്, ജെയിംസ് മാക്കലീൻ,  മാറ്റ് ഫിലിപ്‌സ് എന്നിവർ തിരിച്ചെത്തിയേക്കും.

ഇന്ന് രാത്രി 8.30 നാണ് മത്സരം അരങ്ങേറുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement