ഇതിഹാസത്തിലേക്ക് മടങ്ങി ചെൽസിയും, ലംപാർഡ് ഇനി ചെൽസി പരിശീലകൻ

ചെൽസിയുടെ അമരത്ത് ഇനി ഫ്രാങ്ക് ലംപാർഡ്. ലംപാർഡിനെ ചെൽസിയുടെ പരിശീലകനാക്കിയ കാര്യം ക്ലബ്ബ് ഔദ്യോഗികമായി സ്ഥിതീകരിച്ചു. മൗറീസിയോ സാരിക്ക് പകരക്കാരനായാണ് ചെൽസിയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ലംപാർഡ് സ്റ്റാംഫോഡ് ബ്രിഡ്ജിലേക് മടങ്ങി എത്തുന്നത്. ചാംപ്യൻഷിപ് ക്ലബ്ബ് ഡർബി കൗണ്ടിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞാണ്‌ 41 വയസ്സുകാരനായ ലംപാർഡ് നീല പടക്ക് തന്ത്രമൊരുക്കാൻ എത്തുന്നത്.

സാരി യുവന്റെസിലേക് പോകാൻ ആഗ്രഹം പ്രകടിപ്പിച്ചത് മുതൽ പകരകാരായി ചെൽസി കണ്ടത് ലംപാർഡിനെയായിരുന്നു. ഡർബിക്കൊപ്പം ചാംപ്യൻഷിപ് പ്ലെ ഓഫ് ഫൈനൽ വരെ എത്തിയ പ്രകടനം നടത്തിയതും ചെൽസി ആരാധകരുടെ പൂർണ്ണ പിന്തുണ ഉണ്ട് എന്നതും ലംപാർഡിന് തുണയായി. എങ്കിലും പരിശീലക റോളിൽ കേവലം ഒരു വർഷത്തെ മാത്ര പ്രവർത്തി പരിചയമുള്ള ലംപാർഡിന് ചെൽസി പോലൊരു വമ്പൻ ടീമിനെ മുന്നോട്ട് കൊണ്ട് പോകാനാകുമോ എന്നത് വലിയ ചോദ്യമായി തന്നെ അവശേഷിക്കുന്നു.

കളിക്കാരൻ എന്ന നിലയിൽ ചെൽസിയുടെ മാത്രമല്ല പ്രീമിയർ ലീഗിന്റെ തന്നെ ഇതിഹാസമാണ് ലംപാർഡ്. ചെൽസി ആരാധകർ സൂപ്പർ ഫ്രാങ്ക് ലംപാർഡ് എന്ന് സ്നേഹത്തോടെ വിളിക്കുന്ന ലംപാർഡ് ക്ലബ്ബിനോപ്പം 3 പ്രീമിയർ ലീഗ് കിരീടങ്ങൾ, 4 എഫ് എ കപ്പ്, 2 ലീഗ് കപ്പ്, 2 കമ്മ്യുണിറ്റി ഷീൽഡ്, ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. ചെൽസിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ എന്ന റെക്കോർഡും മധ്യനിര താരമായിരുന്ന ലംപാർഡിന് സ്വന്തമാണ് ! 211 ഗോളുകളാണ് താരം 13 വർഷം നീണ്ട ചെൽസി കരിയറിൽ നേടിയത്.

Exit mobile version