പുലിസിക്കിന് ഹാട്രിക്, വിജയ പരമ്പര തുടർന്ന് ലംപാർഡിന്റെ ചെൽസി

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫ്രാങ്ക് ലംപാർഡിന്റെ ചെൽസി കുതിപ്പ് തുടരുന്നു. ബേൺലിയെ 4-2 ന്  മറികടന്നാണ് ചെൽസി 3 പോയിന്റ് സ്വന്തമാക്കിയത്. പുത്തൻ താരം ക്രിസ്ത്യൻ പുലിസിക്കിന്റെ ഹാട്രിക്കാണ് നീല പടക്ക് ജയം സമ്മാനിച്ചത്. ജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുള്ള ചെൽസി നാലാം സ്ഥാനത്ത് തുടരും.

ചാമ്പ്യൻസ് ലീഗിൽ പകരക്കാരനായി ഇറങ്ങി മികച്ച പ്രകടനം നടത്തിയ പുലീസികിന് ആദ്യ ഇലവനിൽ അവസരം നൽകിയാണ് ലംപാർഡ് ചെൽസിയെ ഇറക്കിയത്. മത്സരത്തിന്റെ തുടക്കത്തിൽ ബേൺലി ഏതാനും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും പിന്നീട് ചെൽസി നിയന്ത്രണം ഏറ്റെടുത്തു. 21 ആം മിനുട്ടിൽ മികച്ച ഫിനിഷിലൂടെ പുലിസിക് ചെൽസിയുടെ ആദ്യ ഗോൾ നേടി. താരത്തിന്റെ ചെൽസി കരിയറിലെ ആദ്യ ഗോൾ. പിന്നീട് 45 ആം മിനുട്ടിൽ വില്ലിയന്റെ പാസ്സ് സ്വീകരിച്ച പുലിസിക് വീണ്ടും വല കുലുക്കിയതോടെ ആദ്യ പകുതിയിൽ ചെൽസി മികച്ച നിലയിലായി.

രണ്ടാം പകുതിയിൽ ബേൺലി പ്രതിരോധം തീർത്തും തകർന്നതോടെ ചെൽസിക്ക് കാര്യങ്ങൾ എളുപ്പമായി. 56 ആം മിനുട്ടിൽ പുലിസിക് തന്റെ ഹാട്രിക് പൂർത്തിയാക്കി. മൗണ്ടിന്റെ പാസ്സ് മികച്ച ഹെഡറിലൂടെ ഗോളാക്കിയാണ് അമേരിക്കൻ താരമായ പുലിസിക് ചെൽസി കരിയറിലെ ആദ്യ ഹാട്രിക് പൂർത്തിയാക്കിയത്. 2 മിനിട്ടുകൾക്ക് ശേഷം അബ്രഹാമിന്റെ പാസ്സ് ഗോളാക്കി വില്ലിയൻ ചെൽസിയുടെ ലീഡ് നാലാക്കി ഉയർത്തി. പിന്നീട് ജിറൂദ്, ജെയിംസ്, ഓഡോയി എന്നിവർക്ക് ലംപാർഡ് അവസരം നൽകി. 86 ആം മിനുട്ടിലാണ് ബേൺലിയുടെ ആദ്യ ഗോൾ പിറന്നത്. ജെ റോഡ്രിഗസ് ബോക്സിന് പുറത്ത് നിന്ന് നേടിയ ഗോളിന് പിന്നാലെ 89 ആം മിനുട്ടിൽ മക്നിൽ രണ്ടാം ഗോളും നേടിയതോടെ ചെൽസി അവസാന മിനുട്ടുകളിൽ അൽപം വിയർത്തെങ്കിലും കൂടുതൽ പരിക്കുകൾ ഇല്ലാതെ കളി പൂർത്തിയാക്കാൻ അവർക്കായി.

Advertisement