
ഗൂഡിസൻ പാർക്കിൽ ചെൽസിക്ക് ഇന്ന് കടുത്ത പരീക്ഷണം. ബിഗ് സാമിന് കീഴിൽ മികച്ച ഫോം തുടരുന്ന എവർട്ടനെ ഇന്ന് അന്റോണിയോ കൊണ്ടേയുടെ ചെൽസി നേരിടും. ചെൽസി മികച്ച ഫോമിൽ ആണെങ്കിലും ഗൂഡിസൻ പാർക്കിൽ ജയം നേടാൻ ചെൽസിക്ക് മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും എന്ന് ഉറപ്പാണ്. അവസാന.6 മത്സരങ്ങളിൽ ഒന്ന് പോലും തോൽക്കാത്ത എവർട്ടൻ സീസണ് തുടക്കത്തിൽ ചെൽസി രണ്ടു പ്രാവശ്യം പരാജയപ്പെടുത്തിയ എവർട്ടനല്ല. ലീഗിലും ഇ എഫ് എൽ കപ്പിലും നേരത്തെ ചെൽസി എവർട്ടനെ തോൽപിച്ചിരുന്നു. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 6 നാണ് മത്സരം കിക്കോഫ്
അഞ്ചാം മഞ്ഞ കാർഡ് കണ്ട മൊറാത്ത വിലക്ക് നേരിടുന്നത് കാരണം സ്റ്റാർ സ്ട്രൈക്കർ ഇല്ലാതെയാവും ചെൽസി ഇന്നിറങ്ങുക. മൊറാത്തയുടെ അഭാവത്തിലും മിച്ചി ബാത്ശുവായിക്ക് കോണ്ടേ അവസരം നൽകാനുള്ള സാധ്യത കുറവാണ്. അവസാന രണ്ടു മത്സരങ്ങളിലും കോണ്ടേ തുടർന്ന അതേ ഫോർമേഷനിൽ തന്നെയാവും ചെൽസി ഇന്നിറങ്ങുക. ഈഡൻ ഹാസാർഡിനെ ഫാൾസ് 9 റോളിൽ കളിപ്പിച്ചാൽ പെഡ്രോയും വില്ലിയനും ആദ്യ ഇലവനിൽ ഇടം നേടിയേക്കും. മധ്യ നിരയിൽ കാന്റക്കൊപ്പം ബകയോക്കോ തന്നെയാവും. റൂണിയടക്കമുള്ള എവർട്ടൻ ആക്രമണ നിരക്കെതിരെ ഫാബ്രിഗാസിനെ തുടക്കം മുതൽ കളിപ്പിക്കാനുള്ള സാധ്യത കുറവാണ്. എവർട്ടൻ നിരയിൽ അവസാന മത്സരം കളിച്ച ടീമിൽ കാര്യമായ പരിക്ക് പ്രശ്നങ്ങളില്ല. യാനിക് ബോളാസി ഏറെ നാളുകൾക്ക് ശേഷം ടീമിൽ എത്താൻ സാധ്യത ഉണ്ട്. എങ്കിലും തുടക്കം മുതൽ ഉണ്ടാവില്ല എന്ന് ഉറപ്പാണ്. കഴിഞ്ഞ സീസണിൽ ഗൂഡിസൻ പാർക്കിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് ചെൽസി ജയിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial