വില്ലിയൻ ഗോൾ വേട്ട തുടരുന്നു, ചെൽസിക്ക് ജയം

- Advertisement -

വില്ലിയൻ ചെൽസിക്കായി മികച്ച ഫോം തുടരുന്നു. വില്ലിയൻ നേടിയ ഗോളിന്റെ കൂടെ പിൻബലത്തിൽ ചെൽസി സ്വന്തം മൈതാനത്ത് ക്രിസ്റ്റൽ പാലസിനെ മറികടന്നു. 2-1 നാണ് ചെൽസി ജയം സ്വന്തമാക്കിയത്. ജയത്തോടെ ആദ്യ നാലിലേക്ക് മടങ്ങിയെത്താനുള്ള ചെൽസിയുടെ ശ്രമങ്ങൾക്ക് പുതു ഊർജമായി. എങ്കിലും പ്രതിരോധത്തിലെ പിഴവുകൾ തീർക്കാതെ ചെൽസിക്ക് അത് സാധ്യമാവാൻ ഇടയില്ല. നിലവിൽ 56 പോയിന്റുമായി 5 ആം സ്ഥാനത്താണ്‌ ചെൽസി.

സിറ്റിയോട് തോൽവി വഴങ്ങിയ ടീമിൽ നിന്ന് ഏതാനും മാറ്റങ്ങളുമായാണ് കോണ്ടേ ഇത്തവണ ചെൽസിയെ ഇറക്കിയത്. പ്രതിരോധത്തിൽ റൂഡിഗറിന് പകരക്കാരനായി കാഹിൽ തിരിച്ചെത്തിയപ്പോൾ ജിറൂദ്, കാന്റെ എന്നിവരും ആദ്യ ഇലവനിൽ ഇടം നേടി. ഈഡൻ ഹസാർഡും വില്ലിയനും തുടക്കം മുതലേ ഫോമിലായപ്പോൾ ചെൽസിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 25 ആം മിനുട്ടിൽ ബോക്സിന് പുറത്ത് നിന്ന് വില്ലിയൻ തൊടുത്ത ഷോട്ടിൽ നിന്നാണ് ചെൽസിയുടെ ആദ്യ ഗോൾ പിറന്നത്. ഏറെ വൈകാതെ 32 ആം മിനുട്ടിൽ മാർട്ടിൻ കെല്ലിയുടെ സെൽഫ് ഗോൾ ചെൽസിക്ക് ലീഡ് രണ്ടായി നൽകി.

രണ്ടാം പകുതിയിൽ മാറ്റങ്ങൾ ഇല്ലാതെയാണ് രണ്ട് ടീമുകളും ഇറങ്ങിയത്. രണ്ടാം പകുതിയിൽ പക്ഷെ പാലസ് മികച്ച പ്രകടനമാണ് നടത്തിയത്. ക്രിസ്റ്റിയൻസൻ  വരുത്തിയ പിഴവിൽ നിന്ന് പാലസ് ഗോളിന് അടുത്ത് എത്തിയെങ്കിലും ഗോൾ പോസ്റ്റ് ചെൽസിയുടെ രക്ഷക്ക് എത്തുകയായിരുന്നു. പിന്നീട് ജിറൂഡിലൂടെ ചെൽസിക്ക് ഏതാനും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താൻ ചെൽസിക്കുമായില്ല. 90 ആം മിനുട്ടിലാണ് പാലസിന്റെ ഗോൾ പിറന്നത്. വാൻആൻഹലോട്ടാണ് ഗോൾ നേടിയത്. പക്ഷെ പിന്നീടുള്ള 3 മിനുറ്റ് സമയം ചെൽസി നന്നായി പ്രതിരോധിച്ചതോടെ അവർ ജയം ഉറപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement