സാന്റി കസോളയെ കാത്ത് ഗണ്ണേഴ്സ്

- Advertisement -

2014 എഫ് എ കപ്പ് ഫൈനൽ കണ്ട ആഴ്സണലിന്റെ ഓരോ ആരാധകനും മറക്കാൻ സാധ്യതയില്ലാത്ത ഒരു നിമിഷമുണ്ടായിരുന്നു , രണ്ട് ഗോളിന് പിറകിൽ പോയ ആഴ്സണൽ ടീമിനെയും വെബ്ലി സ്റ്റേഡിയത്തിൽ കളി കാണാൻ വന്ന ഗണ്ണേഴ്സ് ആരാധകരെയും ഒരേ പോലെ ഉണർത്തിയ സാന്റി കസോളയുടെ ആ ഫ്രീകിക്ക്. അന്ന് ആ മനോഹര ഗോളിന്റെ ആവേശത്തിൽ ആഴ്സണലിന്റെ ഓരോ കളിക്കാരനും ഉണർന്നു കളിച്ചപ്പോൾ വെങ്ങർക്ക് ലഭിച്ചത് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുള്ള ആദ്യ പ്രധാന കിരീടമായിരുന്നു.

പക്ഷെ ഇന്ന് ഒരു ഫുട്ബാൾ കളിക്കാരനും ആഗ്രഹിക്കാത്ത നാളുകളിൽ കൂടിയാണ് ആഴ്സണലിന്റെ സ്പാനിഷ് മിഡ്ഫീൽഡർ സാന്റി കസോള കടന്ന് പോയ്കൊണ്ടിരിക്കുന്നത്. പന്തുകളിയിൽ പരിക്ക് സഹചമാണെങ്കിലും ഈ അടുത്ത കാലത്ത് പരിക്ക് കാരണം ഇത്രയധികം വേദനിച്ച കളിക്കാരൻ ഉണ്ടാകുമോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാവും ഉത്തരം.

2016 ഒക്ടോബറിന് ശേഷം സാന്റി കസോളയെന്ന 32 കാരൻ 8 വ്യത്യസ്ത ശാസ്ത്രക്രിയകൾക്ക് വിധേയമായി !! ഒക്ടോബറിൽ ലൂടാഗ്രെസ്സിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടയിൽ അകിലിസിന് ഏറ്റ പരിക്കാണ്‌നീണ്ട ഒൻപത് മാസങ്ങൾക്ക് ഇപ്പുറവും തന്റെ പ്രിയപ്പെട്ട പുൽ മൈതാനത്തേക്ക് പന്ത് തട്ടാൻ ഇറങ്ങാൻ പറ്റാത്ത വിധം തടഞ്ഞത്. പരിക്കിനെ പറ്റി ഏറെ നാളുകളായി പ്രതികരണങ്ങൾ ഒന്നും അറിയിക്കാതിരുന്ന സ്പാനിഷ് ദേശീയ താരം കൂടിയായ കസോള പക്ഷെ സ്പാനിഷ് റേഡിയോക്ക് അനുവദിച്ച അഭിമുഖത്തിൽ തിരിച്ചു വരാനാവും എന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയുണ്ടായി.

വ്യക്തി ജീവിതത്തിൽ ഇത്തരം പരിക്കുകൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും താരം പങ്ക് വെക്കുകയുണ്ടായി, തന്റെ മകൻ ഞാൻ ഫുട്ബാൾ വീണ്ടും കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്നും ഏറെ വൈകാതെ അതിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം വെളിപ്പെടുത്തി. നേരത്തെ പരിക്കും ആശുപത്രി വാസവും കൂടി കൂടി വന്നപ്പോൾ വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ച കസോള പക്ഷെ ഏറെ വൈകാതെ ഗണ്ണേഴ്സിന്റെ ജേഴ്സി വീണ്ടും അണിയാനാവുമെന്ന പ്രതീക്ഷയിൽ തന്നെയാണ്.

പരിക്ക് കാരണം എന്ന് തിരിച്ചെത്തുമെന്നതിനെ കുറിച്ച് ധാരണ ഇല്ലെങ്കിലും ആഴ്സണൽ മാനേജ്മെന്റ് കസോളക് ഒരു വർഷത്തെ പുതിയ കരാർ നൽകിയിരുന്നു. ക്ലബ്ബിന്റെ ഈ നടപടിയേയും പ്രശംസിച്ചു കതോള ആർസെൻ വെങ്ങറുടെ പിന്തുണക്കും നന്ദി അറിയിച്ചു.

വില്ലാ റയൽ ജൂനിയർ ടീമിലൂടെ വളർന്ന് വന്ന താരം ല ലീഗെയിൽ ഏറെ കാലം കളിച്ചിട്ടുണ്ടെങ്കിലും 2012 ഇൽ ലണ്ടനിൽ എത്തിയത് മുതൽ ആരാധകരുടെ പ്രിയപ്പെട്ടവനാണ്. കളിയുടെ ചടുലതയും വേഗവും നിയന്ത്രിക്കാൻ പോന്ന മധ്യനിര താരമായ കസോള ഇനിയും ഗണ്ണേഴ്സിനായി കളത്തിൽ സംഭാവന ചെയ്യാൻ പറ്റും എന്ന ശുഭ പ്രതീക്ഷയിൽ തന്നെയാണ്. പലപ്പോഴും സീസണിൽ രണ്ടാം പകുതിയിൽ നിറം മങ്ങുന്ന ആഴ്സണലിന് വരും സീസണിന്റെ രണ്ടാം പകുതിയിലെങ്കിലും പുത്തൻ ഊർജമാവാൻ കസോള എത്തുമായിരിക്കും എന്ന ശുഭ പ്രതീക്ഷയിലാണ്‌ ആരാധകർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement