ടോട്ടൻഹാമിന്‌ ബേൺലിയുടെ വക ഷോക്ക്

Photo: Twitter/@BurnleyOfficial
- Advertisement -

പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിലേക്ക് തിരിച്ചു വരാമെന്ന ടോട്ടൻഹാമിന്റെ പ്രതീക്ഷകളെ തച്ചുടച്ച് ബേൺലി. പരിക്ക് മാറി ഹാരി കെയ്ൻ തിരിച്ചെത്തി ഗോളടിച്ചിട്ടും തോൽക്കാനായിരുന്നു ടോട്ടൻഹാമിന്റെ വിധി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബേൺലിയുടെ ജയം. ഇന്ന് ജയിച്ചിരുന്നേൽ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും രണ്ടു പോയിന്റ് പിറകിൽ എത്താനുള്ള മികച്ച അവസരമാണ് ടോട്ടൻഹാം നഷ്ടപ്പെടുത്തിയത്. ഇതോടെ അവസാനം കളിച്ച 8 മത്സരങ്ങളിൽ ബേൺലി പരാജയമറിഞ്ഞിട്ടില്ല.

മത്സരത്തിന്റ തുടക്കം മുതൽ തന്നെ ഹാരി കെയ്ൻ അടങ്ങിയ ടോട്ടൻഹാം ആക്രമണ നിരയെ പിടിച്ചു കെട്ടുന്ന പ്രകടനമാണ് ബേൺലി നടത്തിയത്. ആദ്യ പകുതിയിൽ ഗോൾ നേടുന്നതിൽ നിന്ന് അവരെ തടയാനും ബേൺലിക്കായി. തുടർന്ന് രണ്ടാം പകുതിയിലാണ് മത്സരത്തിലെ മുഴുവൻ ഗോളുകളും വീണത്. രണ്ടാം പകുതിയിൽ ക്രിസ് വുഡിന്റെ ഹെഡറിലൂടെയാണ് ബേൺലി മത്സരത്തിൽ ലീഡ് നേടിയത്.  എന്നാൽ അധികം താമസിയാതെ 6 ആഴ്ച കഴിഞ്ഞ്  കളിക്കാനിറങ്ങിയ ഹാരി കെയ്ൻ ടോട്ടൻഹാമിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു.  എന്നാൽ മത്സരം അവസാനിക്കാൻ ഏഴ് മിനിറ്റ് മാത്രം ബാക്കി നിൽക്കെ ആഷ്‌ലി ബാർൻസിലൂടെ ബേൺലി വിജയ ഗോൾ കണ്ടെത്തുകയായിരുന്നു.

27 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 60 പോയിന്റുമായി ടോട്ടൻഹാം മൂന്നാം സ്ഥാനത്താണ്. 27 മത്സരങ്ങളിൽ നിന്ന് തന്നെ 30 പോയിന്റ് നേടിയ ബേൺലി 13ആം സ്ഥാനത്താണ്.

Advertisement