ബേർൺലി പ്രതിരോധ മതിലും തകർത്തു, മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ ഒന്നാമത്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത് ഒരു വലിയ രാത്രിയാണ്. പ്രീമിയർ ലീഗിൽ അവർ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇന്ന് ബേർൺലിയെ എവേ മത്സരത്തിൽ പരാജയപ്പെടുത്തിയതോടെയാണ് യുണൈറ്റഡ് ഒന്നാമത് എത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായുരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്.

ഡിഫൻസീവ് ടാക്ടിക്സുമായാണ് ഇന്ന് ബേർൺലി ഇറങ്ങിയത്. ബേർൺലിയുടെ ടാക്ടിക്സ് വിജയിക്കുന്നതാണ് കളിയിൽ കാണാൻ ആയതും. ആദ്യ പകുതിയിൽ റഫറിയുടെ തീരുമാനങ്ങൾ വിവാദമായി. ആദ്യം ബേർൺലിയുടെ ബ്രാഡിക്ക് ചുവപ്പ് കാർഡ് എന്ന് ഉറച്ച കാർഡ് കൊടുക്കാതെ വാർ സഹായത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലൂക് ഷോ നടത്തിയ ഫൗളിന് മഞ്ഞ കാർഡ് നൽകിയത് ആദ്യം പ്രശ്നമായി. പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് കൂടുതൽ നിരാശ നൽകി കൊണ്ട് ഹാറ്റി മഗ്വയർ നൽകിയ ഒരു ഗംഭീര ഹെഡർ ഗോൾ റഫറി നിഷേധിച്ചു. മഗ്വയർ ഫൗൾ ചെയ്തു എന്നാണ് റഫറി വിധിച്ചത്.

ആദ്യ പകുതിയിൽ ഒരു മികച്ച അവസരം മാർഷ്യൽ നഷ്ടപ്പെടുത്തിയതും മാർഷ്യലിന്റെ മറ്റൊരു ശ്രമം നിക് പോപ് രക്ഷിച്ചതും ഒക്കെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ നിരാശ വർധിപ്പിച്ചു. രണ്ടാം പകുതിയിൽ യുണൈറ്റഡ് കൂടുതൽ അറ്റാക്കിലേക്ക് തിരിഞ്ഞു. പക്ഷെ ബേർൺലി ഡിഫൻസ് കരുത്തോടെ നിന്നു. കളിയിൽ 71ആം മിനുട്ട് ആകേണ്ടി വന്നു യുണൈറ്റഡിന് ബേർൺലി ഡിഫൻസിനെ ആദ്യമായി ഒന്ന് കീഴ്പ്പെടുത്താൻ.

വലതു വിങ്ങിൽ നിന്ന് റാഷ്ഫോർഡ് കൊടുത്ത ഒരു ക്രോസ് ഒരു വോളിയിലൂടെ പോൾ പോഗ്ബ വലയിൽ എത്തിച്ചതോടെ ആണ് യുണൈറ്റഡ് ലീഡിൽ എത്തിയത്‌. പോഗ്ബയുടെ സ്ട്രൈക്കിക് വന്ന ഡിഫ്ലക്ഷൻ ആ ഗോളിനെ സഹായിച്ചു. ഈ ഗോളിന് ശേഷം മാത്രമാണ് ബേർൺലി അറ്റാക്കിനെ കുറിച്ച് ചിന്തിച്ചത്. എങ്കിലും കാര്യമുണ്ടായില്ല. ഈ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രീമിയർ ലീഗിൽ ഒന്നാമത് എത്തിച്ചു. 36 പോയിന്റുള്ള യുണൈറ്റഡ് ലിവർപൂളിനേക്കാൾ മൂന്ന് പോയിന്റ് മുന്നിലാണ്. അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ ആണ് നേരിടുന്നത്‌.