ബ്രൂണൊ ഫെർണാണ്ടാസിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി ഒലെ

Newsroom

ലിവർപൂളിനെതിരായ ബ്രൂണൊ ഫെർണാണ്ടസിന്റെ പ്രകടനം മോശമായിരുന്നു എന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഒലെ ഗണ്ണാർ സോൾഷ്യാർ രംഗത്ത്. ബ്രൂണൊ ഫെർണാണ്ടസ് ലിവർപൂളിനെതിരെ നല്ല കളി തന്നെയാണ് കാഴ്ചവെച്ചത് എന്ന് ഒലെ പറഞ്ഞു. ബ്രൂണൊ ഫെർണാണ്ടസിന്റെ ഫ്രീകിക്ക് വലയിൽ കയറിയിരുന്നു എങ്കിൽ ഇതേ വിമർശകർ തന്നെ അദ്ദേഹത്തെ ലീഗിലെ ഏറ്റവും മികച്ച താരമായി വീണ്ടും വാഴ്ത്തുമായിരുന്നു എന്നും ഒലെ പറഞ്ഞു.

ബ്രൂണോ ക്ഷീണിതനാണ് എന്നും വിശ്രമം വേണം എന്നുമുള്ള വാദങ്ങളെയും ഒലെ എതിർക്കുന്നു. ബ്രൂണൊ ഫെർണാണ്ടസ് കഴിഞ്ഞ ആഴ്ചയാണ് ലീഗിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ബ്രൂണോ ഒരിക്കലും തളർന്നിട്ടില്ല. ടീമിനു വേണ്ടി ഏറ്റവും കൂടുതൽ പിച്ചിൽ ഓടുന്ന താരങ്ങളിൽ ഒന്നാണ് ബ്രൂണൊ ഫെർണാണ്ടസ്. അദ്ദേഹത്തിന്റെ ഗോളും അസിസ്റ്റുമായുള്ള റെക്കോർഡുകൾ വലുതായത് കൊണ്ട് ആൾക്കാർ ഒരുപാട് പ്രതീക്ഷ വെക്കുന്നതാണ് ഈ വിമർശനങ്ങൾ ഉയരാനുള്ള കാരണം എന്നും ഒലെ പറഞ്ഞു.