ബ്രൂണോ ബ്രൂണോ ബ്രൂണോ!! മാഞ്ചസ്റ്ററിനെ തോളിലേറ്റി പോർച്ചുഗീസ് മാന്ത്രികൻ

20201107 200238
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ആശ്വസിക്കാം. വിമർശനങ്ങൾക്ക് ഒക്കെ ഒരു ഗംഭീര പ്രകടനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടി നൽകിയിരിക്കുകയാണ്. ഇന്ന് ഗുഡിസൺ പാർക്കിൽ ചെന്ന് എവർട്ടണെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം പോർച്ചുഗീസ് താരം ബ്രൂണൊ ഫെർണാണ്ടസിന്റെ മികവിലായിരുന്നു യുണൈറ്റഡിന്റെ തിരിച്ചുവരവ്.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഭയപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു ഗുഡിസൺപാർക്കിലെ തുടക്കം. 19ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പിറകിലായി. എവർട്ടൺ താരം ബെർണാഡിന്റെ ഒരു ഷോട്ട് ആണ് ആഞ്ചലോട്ടിയുടെ ടീമിന് ലീഡ് നൽകിയത്‌‌ . പെനാൾട്ടി ബോക്സിന് ഇടതു വശത്ത് നിന്ന് ബെർണാട് ഷോട്ട് എടുക്കുമ്പോൾ എല്ലാവരും പന്ത് ഫാർ പോസിറ്റിലേക്ക് ആയിരിക്കും തൊടുക്കുക എന്നാണ് കരുതിയത്. എന്നാൽ ബിസാകയെയും ഡിഹിയയെയും കബളിപ്പിച് കൊണ്ട് മറുവശത്തേക്ക് അടിച്ച് ബെർണാർഡ് എവർട്ടണ് ലീഡ് നൽകി.

ഈ ഗോളിന് മികച്ച രീതിയിൽ ആണ് യുണൈറ്റഡ് പ്രതികരിച്ചത്. ആറു മിനുട്ടുകൾക്കകം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമനില ഗോൾ വന്നു. ലൂക് ഷോയുടെ ക്രോസിൽ ഒരു പറക്കും ഹെഡറുമായി ബ്രൂണൊ ഫെർണാണ്ടസ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില നൽകിയത്. എന്നും യുണൈറ്റഡിന്റെ രക്ഷകനായിട്ടുള്ള ബ്രൂണോ തന്നെ യുണൈറ്റഡിന് ലീഡ് നൽകിയ ഗോളും പിന്നാലെ നേടി. 32ആം മിനുട്ടിൽ ബ്രൂണോ റാഷ്ഫോർഡിന് നൽകിയ ക്രോസ് റാഷ്ഫോർഡിന്റെ തലയിൽ തട്ടിയില്ല എങ്കിലും വലയിലേക്ക് എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1ന് മുന്നിൽ.

പിന്നീട് കരുതലോടെ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് കളിയുടെ അവസാന നിമിഷത്തിൽ ഒരു സുന്ദര കൗണ്ടർ അറ്റാക്കിലൂടെ മൂന്നാം ഗോളും നേടി. എഡിസൺ കവാനിയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിലെ ആദ്യ ഗോളാണ് 93ആം മിനുട്ടിൽ വന്നത്. ആ ഗോൾ ഒരുക്കിയതും ബ്രൂണൊ ഫെർണാണ്ടസ് ആയിരുന്നു. ഈ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിനും ഒലെയ്ക്കും വലിയ ആശ്വാസമാകും.

ഏഴു മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ 13ആം സ്ഥാനത്താണ് ഉള്ളത്. എവർട്ടൺ അഞ്ചാം സ്ഥാനത്തും.

Advertisement