Site icon Fanport

മാജിക് മിറ്റോമ, ഇരട്ട ഗോളുമായി മാർഷ്; വോൾവ്സിനെ തകർത്തെറിഞ്ഞ് ബ്രൈറ്റൺ

വോൾവ്സിനെ അവരുടെ തട്ടകത്തിൽ വെച്ചു തന്നെ കീഴടക്കി കൊണ്ട് പ്രീമിയർ ലീഗിൽ ബ്രൈറ്റണിന്റെ തകർപ്പൻ പ്രകടനം. മിതോമയുടെ മാന്ത്രിക ഗോളും മാർഷിന്റെ ഇരട്ട ഗോളും കണ്ട മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഡി സെർബിയുടെ ടീമിന്റെ വിജയം. എസ്‌തുപിന്യാൻ മറ്റൊരു ഗോൾ നേടിയപ്പോൾ ഹ്വാങ് ആണ് ആതിഥേയരുടെ ഒരേയൊരു ഗോൾ കണ്ടെത്തിയത്. ആദ്യ മത്സരത്തിൽ ലൂട്ടൺ ടൗണിനേയും ഇതേ സ്കോറിന് ബ്രൈറ്റൺ കീഴടക്കിയിരുന്നു. വോൾവ്സിനാവട്ടെ തുടർച്ചയായ രണ്ടാം തോൽവി ആണിത്.
Brighton wolves march
മൂന്നാം മിനിറ്റിൽ തന്നെ ഫാബിയോ സിൽവയിലൂടെ വോൾവ്സ് വല കുലുക്കുന്നത് കണ്ടാണ് മത്സരം ഉണർന്നത്. എന്നാൽ ലമിനയുടെ ഷോട്ട് സിൽവയിൽ തട്ടി വലയിലേക്ക് കയറിയത് റഫറി ഓഫ്‌സൈഡ് വിധിച്ചു. പതിനൊന്നാം മിനിറ്റിൽ മിതോമയുടെ ഡ്രിബ്ലിങ് പാടവവും വേഗതയും ചേർന്ന മികച്ചൊരു നീക്കത്തിനൊടുവിൽ ബ്രൈറ്റൺ ലീഡ് എടുത്തു. എതിർ പകുതിയുടെ ഏകദേശം മധ്യത്തിൽ നിന്നായി എസ്തുപിന്യാന്റെ പാസ് സ്വീകരിച്ച ശേഷം ബോസ്‌കിലേക്ക് അതിവേഗം കുതിച്ച താരം തടയാൻ വന്ന പ്രതിരോധ താരങ്ങളെയും കീപ്പറേയും മറികടന്ന് വല കുലുക്കി. പിറകെ ഫ്രീകിക്കിൽ നിന്നും താരത്തിന്റെ ഹെഡർ വോൾവ്സ് കീപ്പർ സാ കൈക്കലാക്കി. കുയ്ഞ്ഞയുടെ പാസിൽ സമനില ഗോൾ നേടാനുള്ള ഫാബിയോ സിൽവയുടെ ശ്രമം സ്റ്റീലെ മികച്ചൊരു സേവിലൂടെ രക്ഷപ്പെടുത്തി. പിന്നീടും ഇരു ടീമുകളും അവസരം സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. ഫിനിഷിങ് ഒരിക്കൽ കൂടി വോൾവ്സിന് തിരിച്ചടിയായി.

രണ്ടാം പകുതി ആരംഭിച്ചത് മുതൽ ബ്രൈറ്റൺ ആഞ്ഞടിച്ചു. വിസിൽ മുഴങ്ങി അടുത്ത മിനിറ്റിൽ തന്നെ എസ്‌തുപിന്യാൻ വല കുലുക്കി. വെൽബാക്കിന്റെ തകർപ്പൻ ഒരു ഷോട്ട് കീപ്പർ തടുത്തിട്ടത് മിതോമ മറിച്ചു നൽകിയപ്പോൾ എസ്‌തുപിന്യാൻ അനായാസം ലക്ഷ്യം കണ്ടു. അഞ്ചു മിനിറ്റിനു ശേഷം ബോക്സിന് ഇടത് ഭാഗത്ത് നിന്നും എൻസിസോ നൽകിയ പാസിലേക്ക് കുതിച്ചെത്തി മാർഷ് പോസിറ്റിന് തൊട്ടു മുൻപിൽ വെച്ച് ഷോട്ട് ഉതിർത്തപ്പോൾ കീപ്പർക്കും തടയാൻ ആയില്ല. ആടിയുലഞ്ഞ വോൾവ്സ് പ്രതിരോധത്തെ വീണ്ടും പിളർത്തി കൊണ്ട് 55ആം മിനിറ്റിൽ മാർഷ് ഒരിക്കൽ കൂടി ഗോൾ കണ്ടെത്തി. എൻസിസോ തന്നെയാണ് ഇത്തവണയും അസിസ്റ്റുമായി എത്തിയത്. 61 ആം മിനിറ്റിൽ സറാബിയയുടെ കോർണറിൽ ഹെഡർ ഗോളുമായി ഹ്വാങ് വോൾവ്സിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. എന്നാൽ കൂടുതൽ ഗോളുകൾ കണ്ടെത്താൻ ആവർക്കായില്ല. ഇഞ്ചുറി ടൈമിൽ മാത്യൂസ് ന്യൂനസ് ചുവപ്പ് കാർഡ് കണ്ടു പുറത്തു പോവുക കൂടി ചെയ്തതോടെ വോൾസിന്റെ പതനം പൂർത്തിയായി.

Exit mobile version