വിജയ വഴിയിൽ തിരിച്ചെത്തി ബ്രൈറ്റണും വോൾവ്സും

പ്രീമിയർ ലീഗിലെ മിഡ് വീക്ക് പോരാട്ടങ്ങളിൽ ഏറ്റ പരാജയത്തിൽ നിന്നും കരകയറി ബ്രൈറ്റണും വോൾവ്‌സും. ഇന്ന് നടന്ന മത്സരങ്ങളിൽ ബ്രൈറ്റൺ ഹഡേഴ്‌സ്‌ഫീൽഡിനെയും വോൾവ്‌സ് കാർഡിഫ് സിറ്റിയെയും ആണ് തോൽപ്പിച്ചത്.

വിരസമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു ബ്രൈറ്റൺ ഹഡേഴ്‌സ്‌ഫീൽഡ് പോരാട്ടത്തിലെ വിജയ ഗോൾ പിറന്നത്. 79ആം മിനിറ്റിൽ ഫ്ളോറിൻ ആൻഡോണെ ആണ് വിജയ ഗോൾ നേടിയത്. വിജയത്തോടെ ബ്രൈറ്റണ് 28 മത്സരത്തിൽ നിന്നും 30 പോയിന്റ് ആയി. ലീഗ് ടേബിളിൽ 15ആം സ്ഥാനത്തേക്ക് എത്താനും അവർക്കായി. ഹാഡേഴ്‌സ്‌ഫീൽഡ് 14 പോയിന്റുമായി അവസാന സ്ഥാനത്ത് തുടരുകയാണ്.

മറ്റൊരു മത്സരത്തിൽ വോൾവ്‌സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കാർഡിഫ് സിറ്റിയെ തോൽപ്പിച്ചു. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ രണ്ടു മിനിറ്റിനിടെ രണ്ടു ഗോളുകൾ നേടിയാണ് വോൾവ്‌സ് വിജയം ഉറപ്പിച്ചത്. 16ആം മിനിറ്റിൽ ഹോട്ടയും 18ആം മിനിറ്റിൽ ജിംനെസുമാണ് വോൾവ്‌സിന്റെ ഗോളുകൾ നേടിയത്. വിജയത്തോടെ 43 പോയിന്റുമായി വോൾവ്‌സ് ഏഴാം സ്ഥാനത്താണ്.