പെനാൽറ്റി ചതിച്ചു, ഫുൾഹാമിന് സമനില

രക്ഷകനായ മിട്രോവിച് തന്നെ വില്ലനായ കളിയിൽ ഫുൾഹാമിന് സമനില. 2-2 നാണ് അവർ ബ്രയ്ട്ടനെതിരെ സമനില വഴങ്ങിയത്.

സ്വന്തം മൈതാനത്ത് കളി തുടങ്ങിയ ബ്രയ്ട്ടന് മത്സരത്തിന്റെ 24 ആം മിനുട്ടിൽ പെനാൽറ്റി ലഭിച്ചെങ്കിലും ലീഡ് നേടാനായില്ല. പാസ്കൽ ഗ്രോബിന്റെ ദുർബലമായ കിക്ക് ഫുൾഹാം ഗോളി തടുത്തിട്ടു. ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ട് മുൻപ് ആന്ദ്രെ ശുർലെയിലൂടെ ഫുൾഹാം ലീഡ് നേടി.

രണ്ടാം പകുതിയിൽ 62 ആം മിനുട്ടിൽ മിട്രോവിച്ചിലൂടെ അവർ ലീഡ് രണ്ടാക്കി ഉയർത്തി. പക്ഷെ 67 ആം മിനുട്ടിൽ മികച്ച ഫോമിലുള്ള ഗ്ലെൻ മറി ബ്രയ്ട്ടനെ ഗോളിലൂടെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. 84 ആം മിനുട്ടിലാണ് മിട്രോവിച് കളിയിലെ വില്ലനായത്. സ്വന്തം പെനാൽറ്റി ബോക്സിൽ പന്ത് കൈകൊണ്ട് നിയന്ത്രിക്കാൻ താരം ശ്രമിച്ചതോടെ ബ്രയ്ട്ടന് പെനാൽറ്റി. കിക്കെടുത്ത മറി തന്റെ ഇരട്ട ഗോൾ നേട്ടം പൂർത്തിയാക്കി സമനില ഗോൾ നേടി.

ഇരു ടീമുകൾക്കും 4 പോയിന്റ് വീതമാണ് ഉള്ളത്. എങ്കിലും ഫുൾഹാം 11 ആം സ്ഥാനത്തും ബ്രയ്ട്ടൻ 12 ആം സ്ഥാനത്തുമാണ്.

Previous articleഎവർട്ടന് വീണ്ടും സമനില
Next articleമൂന്നടിച്ച് ഫ്രയ്ബർഗിനെ തകർത്ത് ഹോഫൻഹെയിം