Picsart 24 03 31 03 12 14 480

ബ്രെന്റ്ഫോർഡിന് നല്ല ഉന്നമില്ലാത്തത് കൊണ്ട് ചത്തില്ല!! ദയനീയ പ്രകടനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടും പോയിന്റ് നഷ്ടപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് എവേ ഗ്രൗണ്ടിൽ വെച്ച് ബ്രെന്റ്ഫോർഡിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് 1-1 എന്ന സമനില ആണ് വഴങ്ങിയത്. യുണൈറ്റഡ് ഈ സീസണിൽ കളിച്ച ഏറ്റവും മോശം ഫുട്ബോളിൽ ഒന്നാകും ഈ മത്സരം. ഇഞ്ച്വറി ടൈമിന്റെ അവസാനം വരെ ഗോൾ മാറി നിന്ന മത്സരത്തിൽ അവസാന നിമിഷങ്ങളിലാണ് രണ്ട് ഗോളുകളും പിറന്നത്.

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനു മേൽ സമ്പൂർണ്ണ ആധിപത്യമാണ് ബ്രെന്റ്ഫോർഡ് പുലർത്തിയത്. ഭാഗ്യം കൊണ്ടു മാത്രം മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു നാണംകെട്ട സ്കോർ ലൈനിൽ എത്താതെ രക്ഷപ്പെട്ടു എന്ന് പറയാം. ബ്രെന്റ്ഫോർഡിന്റെ നാലു ഷോട്ടുകൾ ഗോൾ പോസ്റ്റിൽ മാത്രം തട്ടി മടങ്ങി. ഒരു ഗോൾ വളരെ ക്ലോസ് ആയ ഓഫ്സൈഡ് വരയിലും രക്ഷപ്പെട്ടു.

ബ്രെന്റ്ഫോർഡ് 80 മിനുട്ടുകൾക്ക് അകം തന്നെ 25 ഷോട്ടുകൾ ആണ് യുണൈറ്റഡ് കാത്ത ഗോൾവലക്ക് നേരെ തൊടുത്തത്. ഒനാനയും ഡിഫൻഡർമാരും ഏറെ പണിയെടുക്കേണ്ടി വന്നു. മറുവശത്ത് യുണൈറ്റഡ് അധികം അവസരങ്ങൾ സൃഷ്ടിച്ചതുമില്ല.

കളിയിൽ 96 മിനുട്ട് വരെ ബ്രെന്റ്ഫോർഡ് 30 ഷോട്ടുകൾ തൊടുത്തു. ഒന്ന് പോലും വലയിൽ കയറാത്തതിന് അവർ വലിയ വില കൊടുത്തു. 96ആം മിനുട്ടിൽ ഒരു നീക്കത്തിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. മേസൺ മൗണ്ട് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോൾ നേടിയത്‌‌. കസെമിറോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. ഇതിനു ശേഷം തിരിച്ചടിക്കാൻ സമയം ഇല്ല എന്ന് കരുതിയവരെ ഞെട്ടിച്ച് സെക്കൻഡുകൾക്ക് അകം ബ്രെന്റ്ഫോർഡ് തിരിച്ചടിച്ചു. അഹെറിന്റെ ഷോട്ടാണ് ബ്രെന്റ്ഫോർഡിന് സമനില നൽകിയത്.

കളി സമനിലയിൽ തന്നെ അവസാനിച്ചു. ഈ സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 48 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുകയാണ്‌. ബ്രെന്റ്ഫോർഡ് 27 പോയിന്റുമായി 16ആം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version