7 ലക്ഷം ഡോളർ 300 മില്യൺ ഡോളറായ, നാലാം ഡിവിഷനിൽ നിന്ന് പ്രീമിയർ ലീഗിൽ എത്തിയ ബ്രെന്റ്ഫോർഡിന്റെ കഥ

20210603 164358
Credit: Twitter
- Advertisement -

സാമൂഹിക മാധ്യമമായ ട്വിറ്ററിൽ ഇന്നലെ ജോ പൊബ്ലിയാനോ എന്ന മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തി ഇട്ട ട്വീറ്റ് ഒരു വലിയ ചർച്ച തന്നെയായി. പതിമൂന്നായിരത്തിൽ അധികം റിട്വീറ്റുകൾ നേടിയ ആ ട്വീറ്റിൽ പറയുന്നത് ബ്രെന്റ്ഫോർഡ് എന്ന ഇംഗ്ലീഷ് ക്ലബിന്റെയും ആ ക്ലബിന്റെ ഉടമയായ മാത്യു ബെൻഹാമിന്റെയും കഥയാണ്‌. 2007ൽ ഇംഗ്ലണ്ടിലെ നാലാം ഡിവിഷനായ ലീഗ് 2വിൽ കളിക്കുകയായിരുന്ന ബ്രെന്റ്ഫർഡ് എങ്ങനെ പ്രീമിയർ ലീഗ് വരെ എത്തി എന്നതായിരുന്നു കഥ. ആ യാത്രയിൽ ബെൻഹാമിന്റെ ചിന്തകൾ അദ്ദേഹത്തിന്റെ ബെൻഹാമിലെ നിക്ഷേപമായ ഏഴു ലക്ഷം ഡോളർ എങ്ങനെ 300 മില്യൺ ഡോളറായി മാറി എന്നും പൊബ്ലിയാനോ വിശദീകരിച്ചു.

ബ്രെന്റ്ഫോർഡ് എന്ന ക്ലബിനെ മലയാളിലളിൽ ചിലരെങ്കിലും അറിയുന്നത് മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ സ്റ്റീവ് കോപ്പൽ പരിശീലിപ്പിച്ച ക്ലബുകളിൽ ഒന്നായാകും. 2007ൽ ബ്രെന്റ്ഫോർഡ് ലീഗ് 2വിലേക്ക് റിലഗേറ്റ് ചെയ്യപ്പെട്ടപ്പോഴാണ് മാത്യു ബെൻഹാം രക്ഷകനായി എത്തുന്നത്. കായിക രംഗത്തെ പ്രമുഖ വാതുവെപ്പുകാരനാണ് ബെൻഹാം. SmartOdds, Matchbook എന്നീ വലിയ ബെറ്റിങ് കമ്പനികളുടെ ഉടമയുമാണ് അദ്ദേഹം.

ചെറുപ്പകാലം മുതൽ തന്നെ ബ്രെന്റ്ഫോർഡിന്റെ ആരാധകനായിരുന്നു ബെൻഹാം. ബ്രെന്റ്ഫോർഡ് ക്ലബ് 2007ൽ വലിയ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ എത്തിയപ്പോൾ അദ്ദേഹം 7 ലക്ഷം ഡോളർ ക്ലബിന് ലോണായി നൽകി. ആരാധകർക്ക് ക്ലബ് ഏറ്റെടുക്കാൻ ആ ലോൺ തുക കൊണ്ട് സാധ്യമായി. ലോൺ തിരിച്ചടക്കാൻ ആരാധകർക്ക് ആയില്ല എങ്കിൽ ക്ലബിന്റെ ഉടമസ്ഥാവകാശം ബെൻഹാമിലേക്ക് മാറുന്ന തരത്തിലായിരുന്നു വ്യവസ്ഥ. 2012ൽ ആരാധകർ തങ്ങൾക്ക് ലോൺ തിരിച്ചടക്കാൻ ആകില്ല എന്ന് അറിയിച്ചു. തുടർന്ന് അദ്ദേഹം ക്ലബ് ഏറ്റെടുക്കയായിരുന്നു.

20210603 164320

അതിനു ശേഷം ബ്രെന്റ്ഫോർഡിൽ നടന്നത് ഒരു അനലറ്റിക് വിപ്ലവം ആയിരുന്നു. ഇതുവരെ ഫുട്ബോളിൽ കണ്ടുവരാത്ത രീതിയിൽ ആയിരുന്നു ബ്രെന്റ്ഫോർഡിൽ ബെൻഹാമിന്റെ സമീപനം. ഡെന്മാർക്ക് ക്ലബായ എഫ് സി മിഡ്റ്റിലാന്റിൽ 10 മില്യൺ ഇറക്കി ചില പരീക്ഷണങ്ങൾ ബെൻഹാം നടത്തി. അവിടെ വിജയിച്ച പരീക്ഷണങ്ങൾ അദ്ദേഹം ബ്രെന്റ്ഫോർഡിൽ നടപ്പിലാക്കുകയും അവിടെ പരാജയപ്പെട്ട ഐഡിയകൾ ഉപേക്ഷിക്കുകയും ചെയ്തു.

ഫുട്ബോളിനേക്കാൾ വിവര ശേഖരണം നടത്താനും അത് വിശകലനം ചെയ്ത് തീരുമാനങ്ങൾ എടുക്കാനും കഴിവുള്ള അനലറ്റിക്സ് ഒഫീഷ്യൽസിന് ബ്രെന്റ്ഫോർഡ് കൂടുതലായി നിയമിച്ചു. വിജയിക്കുന്നോ തോൽക്കുന്നോ എന്നത് കാര്യമാക്കാതെ നമ്പറുകൾ മാത്രം വെച്ച് ടീമിന്റെ പുരോഗതി വിലയിരുത്താൻ ആയിരുന്നു ക്ലബിന്റെ തീരുമാനം. ഇത് വലിയ മാറ്റങ്ങൾക്ക് കാരണമായി. മത്സരത്തിൽ എത്ര ഗോളുകൾ നേടി എന്നതിന് പ്രാധാന്യം നൽകാതെ എത്ര ഗോളുകൾ നേടാനുള്ള അവസരം ഉണ്ടാക്കി എന്നത് പ്രാധാന്യം കൊടുത്തു. എല്ലാ കാര്യത്തിലും ഇതായിരുന്നു ബ്രെന്റ്ഫോർഡിന്റെ സമീപനം. ഇത് എല്ലാ മേഖലയിലും ക്ലബിന്റെ മികവ് കൂട്ടി.

പുതിയ താരങ്ങളെ വളർത്തുന്ന ഒരു അക്കാദമി സിസ്റ്റത്തിന് പകരം മറ്റു ക്ലബുകൾ വിശ്വാസം അർപ്പിക്കാത്ത നല്ല ടാലന്റുകളെ റിക്രൂട്ട് ചെയ്ത് ടീം ശക്തമാക്കാനും നല്ല ട്രാൻസ്ഫർ തുകകൾ ആ താരങ്ങളെ വെച്ച് നേടാനും ക്ലബിനായി. സൈഡ് ബെൻറഹമയെ 3 മില്യണ് വാങ്ങി 40 മില്യണ് വിൽക്കാൻ ബ്രെന്റ്ഫോർഡിനായി. ഒലി വാറ്റ്കിൻസ് 2 മില്യൺ വാങ്ങി 36 മില്യണ് ബ്രെന്റ്ഫോർഡ് വിറ്റു. അതുപോലെ രണ്ട് മില്യണ് വാങ്ങിയ നീൽ മൊപായ്ക്കായി അവർക്ക് ലഭിച്ചത് 26 മില്യണായിരുന്നു. ഇത് കൂടുതൽ അണ്ടർ റേറ്റഡ് താരങ്ങളെ കണ്ടെത്താൻ അവരെ സഹായിക്കുകയും ചെയ്തു.

2014ൽ ചാമ്പ്യൻഷിപ്പിലേക്ക് എത്തിയ ബ്രെന്റ്ഫോർഡ് തുടർച്ചയായ പരിശ്രമങ്ങൾക്ക് ശേഷം ഈ വർഷം പ്രീമിയർ ലീഗിലേക്കും എത്തി. ഇപ്പോൾ 300മില്യണാണ് പ്രീമിയർ ലീഗിൽ എത്തിയതോടെ ക്ലബ് സമ്പാദിച്ചിരിക്കുന്നത്. ഇനിയും പ്രീമിയർ ലീഗിൽ തുടരാൻ ആയാൽ ഇതിനു ഇരട്ടി തുകയിലേക്ക് ക്ലബ് എത്തും. ഫുട്ബോളിനെ വേറിട്ട രീതിയിൽ സമീപിക്കുന്ന ബ്രെന്റ്ഫോർഡ് വരും വർഷങ്ങളിൽ പ്രീമിയർ ലീഗിലെ വമ്പൻ പേരായി ഉയർന്നാലും ആരും അത്ഭുതപ്പെടേണ്ടതില്ല.

Advertisement