ഹിഗ്വയിൻ ഗോൾ വേട്ട തുടങ്ങി, ചെൽസിക്ക് വിമർശകരെ അടക്കിയിരുത്തുന്ന ജയം

സ്റ്റാംഫോഡ് ബ്രിഡ്ജിലെ അരങ്ങേറ്റം ഹിഗ്വയിൻ അവിസ്മരണീയമാക്കിയ മത്സരത്തിൽ ചെൽസിക്ക് കൂറ്റൻ ജയം. എതിരില്ലാത്ത 5 ഗോളുകൾക്കാണ് ചെൽസി ജയിച്ചത്. തുടർച്ചയായ ലീഗ് തോൽവികളോടെ പ്രതിസന്ധിയിലായ ചെൽസി പരിശീലകൻ മൗറീസിയോ സാരിക്ക് ഏറെ ആശ്വാസം പകരുന്ന ജയമാണ് ഇത്. ഈഡൻ ഹസാർഡ് 2 ഗോളും ഡേവിഡ് ലൂയിസ് 1 ഗോളും നേടി. ജയത്തോടെ നാലാം സ്ഥാനത്ത് തിരിച്ചെത്താൻ ചെൽസിക്കായി.

ബോൺ മൗത്തിനെതിരെ കനത്ത തോൽവി വഴങ്ങിയ ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് ചെൽസി ഇന്നിറങ്ങിയത്. പ്രതിരോധത്തിൽ എമേഴ്സന്റെ പകരം അലോൻസോയും റുഡിഗറിന് പകരം ക്രിസ്റ്റിയൻസനും ഇടം നേടിയപ്പോൾ പെഡ്രോക്ക് പകരം വില്ലിയനും കോവാചിച്ചിന് പകരം ബാർക്ലിയും വന്നു.

മികച്ച തുടക്കമാണ് ചെൽസി നേടിയത്. 16 ആം മിനുട്ടിൽ കാന്റെയുടെ മികച്ച പാസ്സിൽ നിന്ന് ഹിഗുവയ്‌നാണ് ഗോൾ നേടിയത്. താരത്തിന്റെ ആദ്യ ചെൽസി ഗോൾ. പക്ഷെ പിന്നീട് ഹഡയ്സ്ഫീൽഡ് ചെൽസി പ്രതിരോധത്തെ കാര്യമായി തന്നെ പരീക്ഷിച്ചു. ആദ്യ പകുതിക്ക് പിരിയും മുൻപേ പെനാൽറ്റിയിലൂടെ ചെൽസി ലീഡ് രണ്ടാക്കി. ആസ്പിലിക്വറ്റയെ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഹസാർഡ് ഗോളാക്കി.

ചെൽസി ആക്രമണ നിര പൂർണ്ണമായും ഫോമിലായ രണ്ടാം പകുതിയിൽ ഹഡയ്സ്ഫീൽഡ് ടൗണിന് കാര്യമായി ഒന്നും ചെയ്യാനായില്ല. 66 ആം മിനുട്ടിൽ ബാർക്ലിയുടെ പാസ്സിൽ നിന്ന് ഹസാർഡാണ് ചെൽസിയുടെ മൂന്നാം ഗോൾ നേടിയത്. ഏറെ വൈകാതെ അതി മനോഹര ഗോളിലൂടെ ഹിഗ്വയിൻ മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടി. ഇത്തവണയും കൻറെയാണ്‌ ഗോളിന് വഴി ഒരുക്കിയത്. കളി തീരാൻ ഏതാനും മിനുട്ടുകൾ മാത്രം ശേഷിക്കെ വില്ലിയന്റെ കോർണറിൽ നിന്ന് ലൂയിസ് ഹെഡറിലൂടെ ചെൽസിയുടെ 5 ഗോൾ നേട്ടം പൂർത്തിയാക്കി.

Previous articleകിരീട മോഹങ്ങൾക്ക് തിരിച്ചടി, ബയേൺ മ്യൂണിക്കിനെ തകർത്ത് ബയേർ ലെവർകൂസൻ
Next articleബൊറൂസിയ ഡോർട്ട്മുണ്ടിനെ തളച്ച് ഫ്രാങ്ക്ഫർട്ട്