പ്രീമിയർ ലീഗിൽ ബൗൺമൗത്തിനും ക്രിസ്റ്റൽ പാലസിനും ജയം

- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരങ്ങളിൽ ബൗൺമൗത്തിനും ക്രിസ്റ്റൽ പാലസിനും ജയം. ബൗൺമൗത്ത്‌ സ്വന്തം ഗ്രൗണ്ടിൽ വെസ്റ്റ് ബ്രോമിനെയും ക്രിസ്റ്റൽ പാലസ് ഹഡേഴ്സ് ഫീൽഡിനെയുമാണ് തോൽപ്പിച്ചത്.

അവസാന മിനുട്ടിൽ സ്റ്റാനിസ്ലാസ് നേടിയ ഗോളിൽ വെസ്റ്റ് ബ്രോമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്നാണ് ബൗൺമൗത്ത്‌ ജയം സ്വന്തമാക്കിയത്.  ഒരു ഗോളിന് പിറകിൽ നിന്നതിനു ശേഷമാണു രണ്ടു ഗോൾ തിരിച്ചടിച്ച് ബൗൺമൗത്ത്‌ ജയം സ്വന്തമാക്കിയത്. തോൽവിയോടെ ലീഗിൽ അവസാന സ്ഥാനത്തുള്ള വെസ്റ്റ് ബ്രോം തരാം താഴ്ത്തപ്പെടുമെന്ന് ഏകദേശം ഉറപ്പായി.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ റോഡ്രിഗസിലൂടെ വെസ്റ്റ് ബ്രോം ആണ് മുൻപിലെത്തിയത്. 77ആം മിനുറ്റിൽ ഐബിലൂടെ ഗോൾ മടക്കി ബൗൺമൗത്ത് സമനില പിടിച്ചു.  മത്സരം അവസാനിക്കാൻ സെക്കൻഡുകൾ  മാത്രം ബാക്കി നിൽക്കെ മികച്ചൊരു ഫ്രീ കിക്കിലൂടെ സ്റ്റാനിസ്ലാസ് ബൗൺമൗത്തിന് ജയം സമ്മാനിക്കുകയായിരുന്നു.

മറ്റൊരു മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ ഹഡേഴ്സ് ഫീൽഡിന് തോൽവി. ക്രിസ്റ്റൽ പാലസ് ആണ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ഹഡേഴ്സ് ഫീൽഡിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ റെലെഗേഷൻ സ്ഥാനത്ത് നിന്ന് കരകയറാനും പാലസിനായി.  പാലസിനു വേണ്ടി ആദ്യ പകുതിയിൽ ടോംകിൻസും രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ മിലിവോജെവിച്ചുമാണ് ഗോളുകൾ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement