Picsart 22 10 29 21 58 34 348

കുതിക്കുന്ന മാഗ്പീസ്; ആസ്റ്റൺ വില്ലക്കെതിരെ നാല് ഗോൾ വിജയം

പ്രിമിയർ ലീഗിൽ ന്യൂകാസിലിന്റെ കുതിപ്പ് തുടരുന്നു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളിന് ആസ്റ്റൺ വില്ലയെ തകർത്തു. സ്റ്റീവൻ ജെറാർഡിനെ പുറത്താക്കിയ ശേഷം താൽക്കാലിക കോച്ചിന് കീഴിൽ ഇറങ്ങിയ ആസ്റ്റൻവില്ലക്ക് ന്യൂകാസിലിന്റെ ആക്രമണങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കാനെ കഴിഞ്ഞുള്ളൂ. ഇരട്ട ഗോളുകളുമായി കല്ലം വിൽസൺ കളം നിറഞ്ഞപ്പോൾ മറ്റ് ഗോളുകൾ ജോയേലിന്റണിന്റെയും ആൽമിറോണിന്റെയും വകയായിരുന്നു. ഇതോടെ ന്യൂകാസിൽ ലീഗിൽ നാലാം സ്ഥാനത്തേക്ക് കയറി.

ആസ്റ്റൻവില്ലക്ക് മത്സരത്തിൽ ഒരിക്കൽ പോലും എതിർ പോസ്റ്റിലേക്ക് ലക്ഷ്യം വെക്കാൻ ആയില്ല. ഗോൾരഹിതമായി പിരിയേണ്ടിയിരുന്ന ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വീണു കിട്ടിയ പെനാൽറ്റിയിലൂടെയാണ് ന്യൂകാസിൽ ആദ്യ ഗോൾ കണ്ടെത്തിയത്. വിൽസൺ ഉന്നം പിഴക്കാതെ ബോൾ വലയിൽ എത്തിച്ചു.

രണ്ടാം പകുതിയിൽ ന്യൂകാസിൽ ആക്രമണം തുടർന്നു. ഷോർട് കോർണർ എടുത്ത ട്രിപ്പിയർ ബോക്സിലേക്ക് ഉയർത്തി നൽകിയ ക്രോസ് വിൽസൺ തന്നെ ഒരിക്കൽ കൂടി വലയിൽ എത്തിച്ചു. ആസ്റ്റൻവില്ല നിലയുറപ്പിക്കുന്നതിന് മുൻപ് മിനിറ്റുകൾക്കുള്ളിൽ അടുത്ത ഗോൾ എത്തി. ഇത്തവണ ജോയലിന്റനാണ് ന്യൂകാസിൽ സ്‌കോർ ഷീറ്റിൽ ഇടം പിടിച്ചത്. അറുപതിയെട്ടാം മിനിറ്റിൽ ആൽമിറോൺ പട്ടിക പൂർത്തിയാക്കി.

Exit mobile version