ആഴ്സണൽ തീരാ ദുരിതത്തിൽ, ബ്രൈറ്റണോടും പരാജയപ്പെട്ടു

പരിശീലകൻ മാറിയിട്ടും ആഴ്സണലിന് രക്ഷയില്ല. പ്രീമിയർ ലീഗിൽ ഒരിക്കൽ കൂടെ വിജയമില്ലാതെ നിരാശയോടെ ഫൈനൽ വിസിൽ കേൾക്കേണ്ട ഗതിയാണ് ആഴ്സണലിന്. ഇന്നലെ സ്വന്തം സ്റ്റേഡിയത്തിൽ ബ്രൈറ്റണെ നേരിട്ട ആഴ്സണൽ 1-2ന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ലുങ്ബെർഗ് പരിശീലകനായി എത്തിയ രണ്ടാം മത്സരത്തിലും ഇതോടെ ആഴ്സണലിന് വിജയം കണ്ടെത്താൻ ആയില്ല.

മത്സരത്തിൽ ആഴ്സണലിനെ ഒരോ മേഖലയിലും കീഴ്പ്പെടുത്താൻ ബ്രൈറ്റണായി. മികച്ച രീതിയിൽ തുടങ്ങിയ ബ്രൈറ്റൺ കളിയുടെ 36ആം മിനുട്ടിൽ മുന്നിൽ എത്തി. ഒരു കോർണറിൽ നിന്ന് വെബ്സ്റ്റർ ആയിരുന്നു ബ്രൈറ്റണ് വേണ്ടി ഗോൾ നേടി. എന്നാൽ കളിയുടെ 50ആം മിനുട്ടിൽ ലകാസെറ്റിലൂടെ ആഴ്സണൽ സമനില പിടിച്ചു.

ആ സമനില ഗോളിന് ശേഷം വീണ്ടും ആഴ്സണൽ പിറകോട്ടു പോയി. കളിയുടെ 80ആം മിനുട്ടിൽ മൊപായിലൂടെ ബ്രൈറ്റന്റെ വിജയ ഗോൾ വന്നു. മൂയിയുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു മൊപായുടെ ഫിനിഷ്. ഈ പരാജയത്തോടെ ആഴ്സണൽ പത്താം സ്ഥാനത്തേക്ക് താഴ്ന്നു. അവസാന ഒമ്പതു മത്സരങ്ങളിൽ ഒരു മത്സരം പോലും ആഴ്സണൽ വിജയിച്ചിട്ടില്ല.

Previous articleവിജയം തുടരണം, ഗോകുലം കേരള എഫ് സി ഇന്ന് ഇന്ത്യൻ ആരോസിന് എതിരെ
Next article“കേരള ബ്ലാസ്റ്റേഴ്സ് മുംബൈയെക്കാൾ മികച്ചു നിന്നു, ഒരു പോയന്റിൽ സന്തോഷം” – ഷറ്റോരി