
2018 തുടങ്ങിയതിനു ശേഷം നടന്ന എവേ ലീഗ് മത്സരങ്ങളിൽ ഒരു പോയന്റു പോലും നേടിയില്ല എന്ന ദുരിതം തുടർന്ന് ആഴ്സണൽ. ഇന്ന് ന്യൂകാസിൽ യുണൈറ്റഡിനെ നേരിട്ട ആഴ്സ്ണൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് റാഫാ ബെനിറ്റെസിന്റെ ടീമിനു മുന്നിൽ കീഴടങ്ങേണ്ടി വന്നത്. എവേ മത്സരങ്ങളിൽ 2018ൽ ഒരൊറ്റ പോയന്റു പോലും നേടാത്ത ഏക പ്രീമിയർ ലീഗ് ടീമാണ് ആഴ്സണൽ.
14ആം മിനുട്ടിൽ ഒബാമയങ്ങും ലകാസെറ്റും ചേർന്ന് നേടിയ മികച്ച ഗോളിലായിരുന്നു ആഴ്സ്ണൽ മുന്നിൽ എത്തിയത്. ലാകസെറ്റിന്റെ ആ ഡൈവിംഗ് ഫിനിഷിന് 29ആം മിനുട്ടിൽ വേറൊരു മികച്ച ഗോളുമായാണ് ന്യൂകാസിൽ മറുപടി പറഞ്ഞത്. സ്പാനിഷ് താരം അയോസെ പെരെസാണ് യെഡ്ലിന്റെ ക്രോസിൽ നിന്ന് മാഗ്പീസിന്റെ സമനില ഗോൾ നേടിയത്.
68ആം മിനുട്ടിൽ റിച്ചിയിലൂടെ ന്യൂകാസിൽ വിജയ ഗോളും നേടി. അയോസെ പെരെസ് ആയിരുന്നു ഇത്തവണ ഗോളൊരുക്കിയത്. 2005ന് ശേഷം ആദ്യമായാണ് ന്യൂകാസിൽ ഹോം ഗ്രൗണ്ടിൽ ആഴ്സണലിനെ തോൽപ്പിക്കുന്നത്. ഇരുവരും ഏറ്റുമുട്ടിയ അവസാന 10 മത്സരങ്ങളിലും ആഴ്സണലിനായിരുന്നു വിജയം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial