ആഴ്സണൽ ഇന്ന് ന്യൂ കാസിലിനെതിരെ

- Advertisement -

ആദ്യ നാലിലേക്കുള്ള പോരാട്ടം കനക്കുന്നതിനിടെ ആഴ്സണൽ ഇന്ന് ന്യൂ കാസിലിനെ നേരിടും. അവസാന രണ്ടു മത്സരങ്ങളും സമനിലയിൽ പിരിഞ്ഞ ആഴ്സണലിന് ഇന്നത്തെ മത്സരം വിജയത്തിലേക്ക് തിരിച്ചെത്താനുള്ള എളുപ്പ വഴിയാണ്. തുടർച്ചയായ പരാജയങ്ങളുമായി പതറുന്ന ന്യൂ കാസിലിന് ഇന്ന് എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ജയിക്കുക എന്നത് അത്ര എളുപ്പമാവില്ല. അവസാന 8 മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാതെയാണ് ന്യൂ കാസിൽ ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്.

ആഴ്സണൽ നിരയിലേക്ക് മുസ്താഫി മടങ്ങി എത്തിയേക്കും. പക്ഷെ പരിക്കേറ്റ മധ്യനിര താരം റംസി ഇന്ന് കളിച്ചേക്കില്ല. ന്യൂ കാസിൽ നിരയിൽ എവർട്ടനെതിരെ ചുവപ്പ് കാർഡ് കണ്ട ഷെൽവിക്ക് ഇന്ന് കളിക്കാനാവില്ല. ഏറെ നാളുകൾക്ക് ശേഷം ആഴ്സണൽ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടിയ ജാക് വിൽഷെർ ഇത്തവണയും ടീമിലെ സ്ഥാനം നിലനിർത്തിയേക്കും.

ആഴ്സണലിനെതിരെ അവസാനം കളിച്ച 9 മത്സരങ്ങളും തോറ്റ ന്യൂ കാസിലിന് ഇന്ന് ഒരു പോയിന്റ് എങ്കിലും കണ്ടെത്താനായാൽ അത് വലിയ നേട്ടമാവും. ന്യൂ കാസിലിനെതിരെ മികച്ച റെക്കോഡ് ഉള്ള ജിറൂദ് ഇന്ന് ലകസ്റ്റിന് പകരം ആദ്യ ഇലവനിൽ സ്ഥാനം നേടാൻ ഇടയില്ലെങ്കിലും പകരക്കാരനായി ഏതാനും മിനിറ്റുകൾ കളിച്ചേക്കും. കരിയറിൽ ഇതുവരെ ന്യൂ കാസിലിനെതിരെ 8 ഗോളുകൾ ജിറൂദ് നേടിയിട്ടുണ്ട്.
ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30 നാണ് കിക്കോഫ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement