മരണ പോരാട്ടത്തിന് അവസാന സ്ഥാനക്കാർ..

ഇംഗ്ലീഷ് പ്രീമിയർ ലീഗ് റൌണ്ട് 34 മത്സരങ്ങൾ ഇന്ന് തുടക്കമാവുമ്പോൾ മുൻ നിര ടീമുകൾക്കാർക്കും തന്നെ ഇന്ന് മത്സരമില്ല.

പ്രീമിയർ ലീഗിൽ ഇന്ന് യൂറോപ്യൻ ഫുട്ബാൾ യോഗ്യത നേടാൻ ആഴ്സണലുമായി പോരാടുന്ന എവർട്ടന് വെസ്റ്റ് ഹാമാണ് എതിരാളികൾ. കഴിഞ്ഞ 9 മത്സരങ്ങൾക്കിടയിൽ ഒന്നിൽ മാത്രം ജയിക്കാനായ വെസ്റ്റ് ഹാമിനെ മറികടന്നാൽ എവർട്ടൻ പോയിന്റ് ടേബിളിൽ ആഴ്സണലിനേക്കാൾ മുന്നിലെത്തും.

ലുകക്കു അടക്കമുള്ള ആക്രമണ നിരയുടെ മികച്ച ഫോം തന്നെയാവും റൊണാൾഡ് കൂമാന്റെ പ്രതീക്ഷ. 24 പോയിന്റുമായി പ്രീമിയർ ലീഗിൽ നിലവിലെ ഒന്നാമത്തെ ഗോൾ വേട്ടകാരനായ ലുകാകുവും മികച്ച ഫോമിൽ കളിക്കുന്ന ബാർക്ലിയും അടങ്ങുന്ന ആക്രമണ നിര വെസ്റ്റ് ഹാമിന്‌ കനത്ത വെല്ലുവിളി ആയേക്കും. വെസ്റ്റ് ഹാം ആവട്ടെ ഫോമില്ലായ്മ കാരണം വലയുകയാണ്. അവസാന മത്സരത്തിൽ ലീഗിലെ അവസാന സ്ഥാനക്കാരായ സണ്ടർലാൻഡ് മായി വരെ അവർക്ക് സമനില മാത്രമാണ് നേടാൻ ആയത്. ഇനിയുള്ള മത്സരങ്ങളിലെ ഫലം അവർക്ക് നിർണായകമാണ്. ഇനിയും ഫോം കണ്ടെത്തിയില്ലെങ്കിൽ ലീഗിൽ തരം താഴ്ത്തൽ ഭീഷണി വരെ അവർ നേരിടേണ്ടി വരും. വെസ്റ്റ് ഹാമിനെതിരായ അവസാനത്തെ 9 മത്സരങ്ങളിലും ഗോൾ നേടിയ ലുകാകുവിനെ തടയുക എന്നത് തന്നെയാവും സാവൻ ബിലിച്ചിന്റെ പ്രധാന കടമ്പ.

വെസ്റ്റ് ഹാം നിരയിൽ പരിക്കേറ്റ ആൻഡി കരോൾ നെ കൂടാതെ സസ്‌പെൻഷൻ നേരിടുന്ന മാർക് നോബിൾ , സാം ബെയ്‌റാം എന്നിവർക്കും കളിക്കാനാവില്ല. എവർട്ടൻ നിരയിൽ കഴിഞ്ഞ ലീഗ് മത്സരത്തിനിറങ്ങിയ ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഉണ്ടാവാൻ ഇടയില്ല. വെസ്റ്റ് ഹാമിന്റെ മൈതാനമായ ലണ്ടനിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.

തരം താഴ്ത്തൽ ഭീഷണിയിൽ നിന്ന് രക്ഷനേടാൻ ശ്രമിക്കുന്ന മാർക്കോസ് സിൽവയുടെ ഹൾ സിറ്റിക്ക് എതിരാളികൾ വാട്ട്ഫോർഡാണ്. സ്വാൻസികെതിരായ മികച്ച ജയത്തിന്റെ ആത്മവിശ്വാസവുമായാവും വാട്ട്ഫോർഡ് ഇന്ന് ഹൾ സിറ്റിയിലെത്തുക. പിൻ നിര ടീമുകളുമായി ഏറെ പോയിന്റ് മുന്നിൽ ആണെങ്കിലും കണക്ക് പ്രകാരം വാട്ട്ഫോർഡും സുരക്ഷിതരല്ല. കൂടാതെ ഹോം മത്സരങ്ങളിലെ ഹൾ ന്റെ സമീപകാല മത്സരങ്ങളിലെ മികച്ച ഫോമും അവർക്ക് വെല്ലുവിളിയായേക്കും. ജയത്തോടെ സ്വാൻസി അടക്കമുള്ള പിൻ നിരക്കാരെ സമ്മർദ്ദത്തിൽ ആക്കാനാവും ഹൾ സിറ്റിയുടെ ശ്രമം. ഹൾ ടീമിൽ കഴിഞ മത്സരം കളിച്ച ടീമിൽ നിന്ന് കാര്യമായ മാറ്റം ഉണ്ടാവാൻ സാധ്യതയില്ല. എന്നാൽ വാട്ട് ഫോർഡ് നിരയിൽ വാട്സൻ കളിക്കാൻ സാധ്യത തീരെ കുറവാണ്.

അവസാനം കളിച്ച 6 മത്സരങ്ങളിൽ 5 ലും തോറ്റ് കടുത്ത സമ്മർദ്ദത്തിലുള്ള പോൾ കളെമെന്റിന്റെ സ്വാൻസിക്ക് ഇന്ന് ജീവൻ മരണ പോരാട്ടമാണ് സ്റ്റോക് സിറ്റിക്കെതിരെ നടത്തേണ്ടി വരിക. ഇന്ന് പരാജയപ്പെട്ടാൽ അവരുടെ ലരീമിയർ ലീഗിൽ തുടരുക എന്ന സ്വപ്നം ഏതാണ്ട് അസ്തമിക്കും. സ്റ്റോക് ആവട്ടെ കഴിഞ്ഞ മത്സരത്തിൽ ഹൾ സിറ്റിയെ തോൽപിച്ചാണ് വരുന്നത്. നിലവിൽ 18 ആം സ്ഥാനത്തുള്ള സ്വാൻസിക്ക് ഇന്നത്തെ ജയത്തോടെ ഹൾ അടക്കമുള്ള ടീമുകളെ സമ്മർദത്തിൽ ആക്കാനാവും.

ലീഗിലെ 19 ആം സ്ഥാനക്കാരായ മിഡിൽസ്ബറോക്ക് എതിരാളികൾ ബോർണ്മത്താണ്‌. ബോർണ്മത്തിന്റെ മൈതാനത്ത് നിലവിലെ ഫോമിൽ ജയിക്കുക എന്നത് ഏറെ ബുദ്ദിമുട്ടാവും ബോർണ്മത്തിന്. പക്ഷെ ഇന്ന് ജയിക്കാനായില്ലെങ്കിൽ അവരുടെ ശേഷിക്കുന്ന പ്രതീക്ഷകളും അസ്തമിക്കും. ഗോൾ കണ്ടെത്താനാവാതെ വിഷമിക്കുന്ന മുൻ നിരയും ധാരാളം ഗോൾ വഴങ്ങുന്ന പിൻ നിരയും ഇന്ന് അച്ചടക്കത്തോടെ കളിച്ചില്ലെങ്കിൽ മറ്റൊരു തോൽവി തന്നെയാണ് അവരെ കാത്തിരിക്കുന്നത്. പ്രത്യേകിച്ചും തങ്ങളുടേതായ ദിവസങ്ങളിൽ മികച്ച കളി പുറത്തെടുക്കുന്ന ബോർണ്മത്തിനെതിരെയാവുമ്പോൾ. ബോർണ്മത്ത് നിരയിൽ പരിക്കേറ്റ ജാക്ക് വിൽഷെയറിന് കളിക്കാനാവില്ല.