primus mobile
primus mobile

ഇംഗ്ലീഷ് പ്രീമിയർ ലീഗ് റൌണ്ട് 15 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും

വാട്ട്ഫോർഡ് – എവർട്ടൻ

വാട്ട് ഫോഡിൻന്റെ സ്വന്തം മൈതാനത്താണ് മത്സരം. കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ നിരാശ ജനകമായ പ്രകടനം പുറത്തെടുക്കുന്ന ഏവർട്ടന് ഇന്ന് ജയം അനിവാര്യമാണ്. കഴിഞ്ഞ 4 മത്സരങ്ങളിൽ രണ്ടു തോൽവിയും രണ്ടു സമാനിലയും മാത്രമാണ് അവർക്കു നേടാനായത്. ആക്രമണ നിരയിൽ ആശ്രയിക്കുന്ന റൊമേലു ലുകാകു ഫോമിലേക്കു ഉയരേണ്ടിയിരിക്കുന്നു. കഴിഞ്ഞ 6 മത്സരങ്ങളിൽ 1 ഗോൾ മാത്രമാണ് ലുകാകുവിന് നേടാനായിട്ടുള്ളത്. കഴിഞ്ഞ 2 മത്സരങ്ങളിൽ പരാജയപ്പെട്ട വാട്ട് ഫോർഡും സ്വന്തം കാണികൾക്ക് മുൻപിൽ ജയത്തോടെ ആത്മ വിശ്വാസം വര്ധിപ്പിക്കാനാവും ശ്രമിക്കുക. വാട്ട്ഫോർഡ് നിരയിൽ റോബർട്ടോ പേരേരക്കു സസ്പെൻഷൻ മൂലം കളിക്കാനാവില്ല. എവർട്ടൻ നിരയിൽ പരിക്ക് പറ്റിയ കോൾമാൻ കളിക്കുമോ എന്ന് ഉറപ്പില്ല.

ആര്‍സണല്‍ – സ്റ്റോക്ക് സിറ്റി

മികച്ച ഫോമിലുള്ള ആര്‍സണലിനെ അവരുടെ സ്വന്തം മൈതാനത്ത് നേരിടുക എന്നത് സ്റ്റോക്ക് സിറ്റിക്ക് കടുത്ത ജോലിയാവും. തുടർച്ചയായ ജയങ്ങളുമായി ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ആര്‍സണല്‍ മികച്ച ഫോമിലുമാണ്. അലക്സി സഞ്ചസിന് ഫോം കണ്ടെത്താൻ ആയാൽ സ്റ്റോക്കിന് സമനില പോലും ലഭിക്കാനിടയില്ല. പക്ഷെ തുടക്കത്തിലെ മന്ദഗതിക്ക് ശേഷം ഫോം കണ്ടെത്തിയ സ്‌റ്റോക്കിനെ തള്ളിക്കളയാൻ വെങ്ങറുടെ ടീമിനാവില്ല. തുടർച്ചയായ 2 ജയങ്ങളുമായി നല്ല ഫോമിലുമാണവർ. ആര്‍സണലും സ്റ്റോക്കും കഴിഞ്ഞ മത്സരങ്ങളിൽ ജയം കണ്ട അതേ ടീമിനെ തന്നെ നിലനിർത്തിയേക്കും.

ബേൺലി- ബേൺമൗത്

ശക്തരായ ലിവർപൂളിനെ അട്ടിമറിച്ച ആത്മവിശ്വാസവുമായാവും ബേൺമൗത് ബേൺലിയെ നേരിടാനിറങ്ങുക. കഴിഞ്ഞ 3 മത്സരങ്ങളിൽ ജയം കാണാനാവാതിരുന്ന ബേൺലിക്കു തന്നെയാവും അതുകൊണ്ടു സമ്മർദം കൂടുതൽ. പക്ഷെ സീസണിൽ സ്വന്തം മൈതാനത്ത് മികച്ച ഫോമിൽ ആണെന്നുള്ളത് ബേൺലിക് ആശ്വാസമാകും. അതുകൊണ്ടു തന്നെ മികച്ചൊരു മത്സരമാവും ടർഫ് മൂറിൽ അരങ്ങേറുക. ബേൺലി നിരയിൽ ഹീറ്റൺ കളിക്കുമോ എന്ന് ഉറപ്പില്ല. ബേൺമൗത് കഴിഞ്ഞ മത്സരത്തിൽ ജയിച്ച അതേ ടീമിനെ നിലനിർത്തിയേക്കും.

സ്വാൻസീ- സണ്ടർലാൻഡ്

ലീഗിലെ അവസാനക്കാരുടെ പോരാട്ടത്തിൽ പക്ഷെ കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത ഡേവിഡ് മോയസിന്റെ സണ്ടർലാന്റിനു തന്നെയാണ് മുൻതൂക്കം. സ്വാൻസി നിരയിൽ കാര്യമായ പരിക്കിന്റെ പ്രശ്നം ഇല്ലെങ്കിലും കഴിഞ്ഞ മത്സരത്തിൽ ടോട്ടൻഹാമിനോട് കനത്ത തോൽവി വഴങ്ങിയ ടീമിൽ നിന്ന് ഏതാനും മാറ്റങ്ങൾ സ്വാൻസി വരുത്താൻ സാധ്യതയുണ്ട്. സണ്ടർലാൻഡ് കഴിഞ്ഞ മത്സരത്തിൽ ലെസ്റ്റർ സിറ്റിയോട് ജയിച്ച അതേ ടീമിനെ നിലനിർത്തിയേക്കും. സ്വാൻസിയുടെ ലിബർട്ടി സ്റ്റേഡിയത്തിലാണ് മത്സരം.

ഹൾ സിറ്റി- ക്രിസ്റ്റൽ പാലസ്

തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം സൗതാംപ്ടനെ പരാജയപ്പെടുത്തി ആശ്വാസ ജയം കണ്ടെത്തിയ അലൻ പാർഡിയുവിന്റെ ക്രിസ്റ്റൽ പാലസ് ജയം തുടരാൻ തന്നെയാവും ഹള്ളിന്റെ ഗ്രൗണ്ടിൽ എത്തുക. ഹൾ ആവട്ടെ മിഡിൽസ്ബ്രോയോട് തോറ്റാണ് വരുന്നത്. ഹൾ നിരയിൽ മലോണി കളിക്കാൻ സാധ്യതയില്ല. ക്രിസ്റ്റൽ പാലസ് നിരയിൽ അഫിയാ കളിക്കാൻ സാധ്യതയില്ല.

ലെസ്റ്റർ സിറ്റി – മാഞ്ചസ്റ്റർ സിറ്റി

സ്വന്തം മൈതാനത്താണ് മത്സരമെങ്കിലും ആത്മവിശ്വാസത്തിന്റെ കാര്യത്തിൽ അത്ര നല്ല നിലയിലല്ല ലെസ്റ്റർ. ലീഗിലെ മോശം ഫോമിന് പുറകെ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഏറ്റ കനത്ത തോൽവിയും ലെസ്റ്ററിനെ വേട്ടയാടും. തുടർച്ചയായ പരാജയങ്ങൾ നേരിട്ട ലെസ്റ്റർ 16 ആം സ്ഥാനത്താണ്. ഒരു തോൽവി അവരെ റെലഗേഷൻ സോണിന് അടുത്തെത്തിക്കും.

മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും പല മത്സരങ്ങളിലും മേൽകോഴ്മ ജയത്തിലേക്ക് എത്തിക്കാനാവാത്തതാണ് പെപ് ഗാർഡിയോളയുടെ സിറ്റി നേരിടുന്ന പ്രധാന പ്രശ്നം.

സിറ്റി നിരയിൽ പരുക്കൻ കളിക്ക് വിലക്ക് നേരിടുന്ന സെർജിയോ അഗ്യൂറോയും ഫെര്ണാണ്ടിഞ്ഞോയും കളിക്കാൻ ഉണ്ടാവില്ല. അഗ്യൂറോക്ക് പകരം കിളീച്ചി ഇഹെനാച്ചോയും ഫെര്ണാണ്ടിഞ്ഞോക്കു പകരം ഫെര്ണാണ്ടോയും ടീമിൽ ഇടം കണ്ടെത്തിയേക്കും.
ലെസ്റ്റർ നിരയിൽ റോബർട് ഹൂത്, ഗോൾ കീപ്പർ സ്മൈക്കൽ എന്നിവർ കളിക്കുമോ എന്ന് ഉറപ്പില്ല.

Leave a Comment