മൊറാട്ടയുടെ പെനാൾട്ടി പുറത്ത്, കമ്മ്യൂണിറ്റി ഷീൽഡിൽ ആഴ്സണൽ

ഇംഗ്ലണ്ടിലെ ഫുട്ബോൾ ആരവങ്ങൾക്ക് ആഴ്സണലിന്റെ കിരീട നേട്ടത്തോടെ തുടക്കം. കമ്മ്യൂണിറ്റി ഷീൽഡിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ‌ ചെൽസിയെ പരാജയപ്പെടുത്തിയാണ് സീസണിലെ ആദ്യ കിരീടം ആഴ്സണൽ ഉയർത്തിയത്. ചെൽസിയുടെ റെക്കോർഡ് സൈനിങ്ങ് മൊറാതയുടെയും കോർതുവയുടെയും പെനാൾട്ടി പിഴച്ചതാണ് ചെൽസിക്ക് വിനയായത്.

വെംബ്ലി സ്റ്റേഡിയത്തിൽ ആഴ്സണൽ തന്നെയായിരുന്നു മികച്ച രീതിയിൽ കളി ആരംഭിച്ചത്. പുതിയ ആഴ്സണൽ സ്ട്രൈക്കർ ലാകസെറ്റിനെ ആക്രമണ ചുമതല ഏൽപ്പിച്ച് ഇറങ്ങിയ ആഴ്സണലിനാണ് കളിയിലെ ആദ്യ ഓപ്പൺ ചാൻസും ലഭിച്ചത്. 22ാം മിനുറ്റിൽ ലാകസെറ്റ് തൊടുത്ത ഷോട്ട് കോർതുവയെ കീഴടക്കി എങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി. കളി പുരോഗമിച്ചതോടെ ചെൽസിയും മുന്നേറ്റങ്ങൾ നടത്താൻ തുടങ്ങി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ വിക്ടർ മോസസിലൂടെ ചെൽസി മുന്നിലെത്തി. സമനിലക്കു വേണ്ടി നിരന്തരം പരിശ്രമിച്ച ആഴ്സണലിന്റെ നീക്കങ്ങൾക്ക് വഴിത്തിരിവായത് 80ാം മിനുട്ടിൽ പെഡ്രോയ്ക്ക് ലഭിച്ച ചുവപ്പു കാർഡായിരുന്നു. പത്തുപേരായി ചുരുങ്ങിയ ചെൽസിക്കെതിരെ അതേ ഫൗളിനു കിട്ടിയ ഫ്രീകിക്കിൽ നിന്നു തന്നെ ആഴ്സണൽ തിരിച്ചടിച്ചു. ചാക്കയുടെ ഫ്രീകിക്കിൽ നിന്ന് മികച്ച ഒരു ഹെഡറിലൂടെ ബോസ്നിയൻ താരം കൊളാസിനാക് ആണ് ആഴ്സണലിന്റെ രക്ഷകനായത്.

നിശ്ചിത സമയത്ത് 1-1 എന്ന നിലയിൽ അവസാനിച്ച മത്സരം പെനാൾട്ടി ഷൂട്ടൗട്ടിൽ 4-1ന് ആഴ്സണൽ സ്വന്തമാക്കുകയായിരുന്നു. AB-BA രീതിയിൽ നടന്ന പെനാൾട്ടിയിൽ ചെൽസിക്കു വേണ്ടി കിക്കെടുത്ത ഗോൾകീപ്പർ കോർതുവാക്കും മൊറാതയ്ക്കും ലക്ഷ്യം കാണാൻ ആയില്ല. പതിനഞ്ചാം തവണയാണ് ആഴ്സണൽ കമ്മ്യൂണിറ്റി ഷീൽഡ് കിരീടം ഉയർത്തുന്നത്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial