കഷ്ടകാലം മാറ്റാൻ ആശാനും സംഘവും ഇന്ന് ബോർൺമൗത്തിനെതിരെ

ലിവർപ്പൂളിനൊടേറ്റ കനത്ത പരാജയത്തിന്റെ മുറിവുകളും കൊണ്ട് തന്നെയാവും ആർസനൽ ഇന്ന് ബോർൺമൗത്തിനെ നേരിടാൻ ഇറങ്ങുക. ട്രാൻസ്ഫർ മാർക്കറ്റിലെ കനത്ത നഷ്ടങ്ങളും ടീമിൽ അസന്തുഷ്ടനായ അലക്സിസ് സാഞ്ചസും ടീമിന്റെ മോശം ഫോമും ഒക്കെ ആഴ്സൺ വെങ്ങറെ വലക്കുന്നുണ്ട്. ഒപ്പം വെങ്ങറിൽ അസംതൃപ്തിയുള്ള വലിയ ശതമാനം ആർസനൽ ഫാൻസ് ഒരവസരത്തിനായി കാത്തിരിക്കുകയുമാണ്. അതിനാൽ തന്നെ വലിയ വിജയത്തിൽ കുറഞ്ഞ ഒന്നും ആർസനലിന് ഇന്ന് മതിയാവില്ല എന്നതാണ് വാസ്തവം. അന്താരാഷ്ട്ര മത്സരത്തിനിടെ ചെറിയ പരിക്കേറ്റ അലക്സിസ് സാഞ്ചസ് ഇന്ന് ഇറങ്ങുമോ എന്നതാവും പലരും ഉറ്റ് നോക്കുക.

കഴിഞ്ഞ 2 കളികളിൽ തോൽവി വഴങ്ങിയെങ്കിലും ടീമിൽ വലിയ മാറ്റത്തിന് വേങ്ങർ മുതിരുമോ എന്ന് കണ്ടറിയണം. 3-4 -2-1 ഫോർമേഷനിൽ കഴിഞ്ഞ 3 കളികളും കളിച്ച ടീം ചിലപ്പോൾ പഴയ ഫോർമേഷനായ 4-5-1 ണിലേക്ക് മടങ്ങാനാവും സാധ്യത. അങ്ങനെയെങ്കിൽ ടീം വിട്ട ചാമ്പർലിന് പകരം പ്രതിരോധത്തിൽ വലത് ഭാഗത്ത് ബെല്ലരിൻ തിരിച്ചെത്തും. കൊഷേൽനിക്കൊപ്പം മുസ്താഫി, കൊലാഷിനിയാക്ക് എന്നിവർ ടീമിൽ തിരിച്ചെത്തിയേക്കും. മധ്യനിരയിൽ കഴിഞ്ഞ 2 കളിയിലും പരാജയമായ റമ്സി- ഷാക്ക എന്നിവർക്ക് പകരം ഷാക്ക-കൊക്വലിനെ വെങ്ങർ പരീക്ഷിക്കാൻ സാധ്യതയുണ്ട്. പരിക്കിൽ നിന്ന് പൂർണ്ണ മുക്തനല്ലാത്ത മുൻ ബോർൺമൗത്ത് താരം ജാക്ക് വിൽഷെയർ ഇന്നും ടീമിലെത്താനിടയില്ല. ഒപ്പം ലകസേറ്റക്കൊപ്പം മുന്നേറ്റത്തിൽ ആരാധക അതൃപ്തിക്കിടയിലും വെൽബക്ക്, ഓസിൽ, സാഞ്ചസ് അല്ലെങ്കിൽ ഇയോബി എന്നിവരെ കളിപ്പിക്കാനാണ് സാധ്യത. ജർമ്മനിക്കായി തിളങ്ങിയ ഓസിൽ ഫോം വീണ്ടെടുക്കും എന്ന് പ്രതീക്ഷിക്കുന്ന ആർസനൽ ആരാധകർ ലകസേറ്റയുടെ ബൂട്ടിലും പ്രതീക്ഷ വക്കുന്നു.

മറുവശത്ത് ആദ്യ 3 കളികളും തോറ്റ് കൊണ്ടാണ് എഡി ഹൗവും സംഘവും എത്തുന്നത്. എങ്കിലും മികച്ച താരനിരയാണ് ബോർൺമൗത്തിന് കൂട്ട്. മാഞ്ചസ്റ്റർ സിറ്റിയെ കഴിഞ്ഞ കളിയിൽ വെള്ളം കുടിപ്പിച്ച അവർ ഒരു പോരാട്ടത്തിനൊരുങ്ങി തന്നെയാവും എത്തുക. മുൻ ചെൽസി താരം നാതൻ അകെയാണ് ബോർൺമൗത്ത് പ്രതിരോധത്തിലെ തുറുപ്പ് ചീട്ട് ഒപ്പം കഴിഞ്ഞ കളിയിൽ മിന്നും ഗോൾ നേടിയ മുൻ ടോട്ടനം താരം ചാർലി ഡാനിയൽസും പ്രതിരോധം കാക്കാനുണ്ട്. എങ്കിലും ചെറിയ പരിക്കുള്ള അകെ ഇന്നിങ്ങുമെന്നുറപ്പില്ല. മുൻ ചെൽസി ഗോൾ കീപ്പർ ബെഗോവിച്ചിന്റെ പ്രകടനമാവും ബോർൺമൗത്തിന് നിർണ്ണായകമാവുക. നോർവ്വ താരം ജോഷുവ കിങ്ങിനൊപ്പം പരിചയസമ്പന്നനായ ജെർമയ്ൻ ഡിഫോ അടങ്ങിയ ബോർൺമൗത്ത് മുന്നേറ്റം ആർസനലിന് വെല്ലുവിളി ഉയർത്താൻ പോന്നത് തന്നെയാണ്. പ്രീമിയർ ലീഗിൽ ഇന്നേവരെ ആർസനിലിനെ തോൽപ്പിക്കാൻ ബോർൺമൗത്തിനായിട്ടില്ല എങ്കിലും പൊരുതാനുറച്ചാവും ഹൗവും സംഘവും എമിറേറ്റ്സിലെത്തുക. ഇന്ത്യൻ സമയം വൈകീട്ട് 7.30 നു നടക്കുന്ന മത്സരം ഹോട്ട്സ്റ്റാറിൽ തൽസമയം കാണാവുന്നതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial