Picsart 24 03 05 09 41 30 398

ചരിത്രം കുറിച്ച് ആഴ്സണൽ, തുടർച്ചയായ മൂന്ന് എവേ മത്സരങ്ങളിൽ 5 ഗോളിന് മേൽ വിജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് ചരിത്ര വിജയം. ഇന്നലെ ഷെഫീൽഡ് യുണൈറ്റഡിനെ നേരിട്ട ആഴ്സണൽ എതിരില്ലാത്ത ആറു ഗോളുകൾക്ക് വിജയിച്ചിരുന്നു. പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ക്ലബ്ബ് തുടർച്ചയായ മൂന്ന് എവേ മത്സരങ്ങളിൽ 5 ഗോളിന് മുകളിൽ മാർജിനിൽ വിജയം നേടുന്നത്. അവർ നേരത്തെ വെസ്റ്റ് ഹാമിനെതിരെയും ബേർൺലിക്ക് എതിരെയും എവേ ഗ്രൗണ്ടിൽ വലിയ വിജയം നേടിയിരുന്നു.

വെസ്റ്റ് ഹാമിനെ എതിരില്ലാത്ത ആറ് ഗോളുകൾക്കും ബേർൺലിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കും ആഴ്സണൽ പരാജയപ്പെടുത്തിയിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യ 25 മിനിറ്റുകൾക്കുള്ളിൽ തന്നെ ആഴ്സണൽ 4 ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. അഞ്ചാം മിനിറ്റിൽ ക്യാപ്റ്റൻ ഒഡെഗാർഡ് ആണ് ആഴ്സണലിന് ലീഡ് നൽകിയത്.

പതിനാലാം മിനിറ്റിൽ ഒരു സെൽഫ് ഗോളിലൂടെ അവരുടെ ലീഡ് ഇരട്ടിയായി. തൊട്ടടുത്ത മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലി അവരുടെ മൂന്നാം ഗോൾ നേടി. 25ആം മിനിറ്റിൽ കായ് ഹവേർട്സ് കൂടെ ഗോൾ നേടിയതോടെ അവർ ആദ്യ പകുതി 4-0 എന്ന ലീഡിൽ അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ മധ്യനിരതാരം ഡെക്ലൻ റൈസും ഡിഫൻഡർ ബെൻ വൈറ്റും ഗോൾ നേടി. ഇതോടെ 6-0 എന്ന വിജയം അവർ പൂർത്തിയാക്കി. വിജയത്തോടെ ആഴ്സണൽ 21 മത്സരങ്ങളിൽ നിന്ന് 61 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. 63 പോയിൻറ് ഉള്ള ലിവർപൂൾ ഒന്നാംസ്ഥാനത്തും 62 പോയിൻറ് ഉള്ള മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version