എമിറേറ്റ്‌സിൽ ആവേശ പോരാട്ടം, സമനിലയിൽ പിരിഞ് ആഴ്സണലും ലിവർപൂളും

- Advertisement -

പ്രീമിയർ ലീഗിന്റെ ആവേശവും വേഗതയും നിറഞ്ഞ മത്സരത്തിനൊടുവിൽ ലിവർപൂളും ആഴ്സണലും സമനിലയിൽ പിരിഞ്ഞു. 3-3 എന്ന സ്കോറിനാണ് ഇരു ടീമുകളും സമനില പാലിച്ചത്. 2 ഗോളുകൾക്ക് മുന്നിൽ നിന്ന ശേഷം 3-2 ന് പിറകിൽ പോയ ലിവർപൂൾ ഫിർമിനോയുടെ ഗോളിൽ സമനില കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ആദ്യ പകുതിയിലെ  മോശം പ്രകടനത്തിന് രണ്ടാം പകുതിയിൽ 6 മിനുട്ടിനിടെ 3 ഗോളുകൾ നേടി ആഴ്സണൽ പ്രായശ്ചിത്തം ചെയ്തപ്പോൾ ലിവർപ്പൂൾ പതിവ് പോലെ പ്രതിരോധത്തിലെ പിഴവുകൾ ആവർത്തിക്കുകയായിരുന്നു.

മത്സരത്തിന്റെ 12 ആം മിനുട്ടിൽ തന്നെ ലിവർപൂളിന് പരിക്കേറ്റ ക്യാപ്റ്റൻ ഹെൻഡേഴ്സനെ നഷ്ടമായിരുന്നു. എന്നാൽ 26 ആം മിനുട്ടിൽ കുട്ടിഞ്ഞോയുടെ ഗോളിൽ ലിവർപൂൾ ലീഡ് നേടി. ആദ്യ പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ ആഴ്സണൽ നിരന്തരം ശ്രമിച്ചെങ്കിലും ലിവർപൂൾ നന്നായി പ്രതിരോധിച്ചു. പരിക്കേറ്റ മോൻറിയാലിന് പകരം മുസ്താഫിയെ ഇറക്കിയാണ് രണ്ടാം പകുതിയിൽ ആഴ്സണൽ ഇറങ്ങിയത്.

രണ്ടാം പകുതി പക്ഷെ ആക്രമണ ഫുട്‌ബോളിന്റെ എല്ലാ ശക്തിയും പുറത്തെടുക്കുന്ന ആഴ്സണലിനെയാണ് കണ്ടത്. 51 ആം മിനുട്ടിൽ സലാഹിലൂടെ  ലിവർപൂൾ ലീഡ് ഉയർത്തിയെങ്കിലും തൊട്ടടുത്ത മിനുട്ടിൽ ആഴ്സണൽ സാഞ്ചസിലൂടെ ഒരു ഗോൾ തിരിച്ചടിച്ചു. ഏറെ വൈകാതെ ശാക്കയുടെ ഗോളിൽ ആഴ്സണൽ സമനിലയും കണ്ടെത്തിയതോടെ മത്സരം ആവേശ ഭരിതമായി. 58 ആം മിനുട്ടിൽ മനോഹരമായ ഒരു നീക്കത്തിനൊടുവിൽ ഗോളാക്കി ഓസിൽ ലിവർപൂളിനെ ഞെട്ടിച്ചു. 6 മിനുട്ടിനിടെ 3 ഗോളുകൾ വഴങ്ങിയ ലിവർപൂൾ പ്രതിരോധം വിറച്ചപ്പോൾ ആഴ്സണൽ തുടരെ ആക്രമണങ്ങൾ നടത്തി. പക്ഷെ ലീഡ് നിലനിർത്തുന്നതിൽ ശ്രദ്ധ കൊടുക്കുന്നതിൽ ആഴ്സണൽ പ്രതിരോധകാർക്കും ഗോളി പീറ്റർ ചെക്കിനും പിഴച്ചപ്പോൾ 71 ആം മിനുട്ടിൽ ഫിർമിനോ ലിവർപൂളിന്റെ സമനില ഗോൾ നേടി എമിറേറ്റ്‌സ് സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കി. പിന്നീട് ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചെങ്കിലും ഇരുവർക്കും ഗോൾ നേടാനായില്ല.

പോയിന്റുകൾ പങ്ക് വച്ചതോടെ 35 പോയിന്റുമായി ലിവർപൂൾ നാലാം സ്ഥാനത്തും 34 പോയിന്റുള്ള ആഴ്സണൽ അഞ്ചാം സ്ഥാനത്തുമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement