ഡോൺ കോണ്ടേ

- Advertisement -

ഫാബിയോ കപ്പെല്ലോ, മർസെലോ ലിപ്പി, ട്രപ്പട്ടോണി, കാർലോ ആഞ്ചലോട്ടി, അങ്ങനെ പ്രമുഖരായ ഇറ്റാലിയൻ ഫുട്ബോൾ പരിശീലകന്മാരുടെ നിരയിലേക്ക് ഇനി നിസംശയം ഒരു പേരുകൂടി ചേർക്കാം- അന്റോണിയോ കോണ്ടേ. അതേ ചെൽസിയുടെ മാന്ത്രിക സീസണിന് ചുക്കാൻ പിടിച്ച 47 കാരൻ തന്നെ. 38 മത്സരങ്ങളിൽ 30 ഉം ജയിച്ചാണ് ചെൽസി ഇത്തവണ ചാംപ്യന്മാരായത്. പ്രീമിയർ ലീഗിൽ ഒരു ടീമിനും ഇതിന് മുൻപ് നേടാനാവാത്ത നേട്ടം.

കഴിഞ്ഞ സീസണിൽ പത്താം സ്ഥാനവും പരിശീലകന്റെ പുറത്താക്കലുമൊക്കെയായി നാണക്കേടിന്റെ പടുകുഴിയിലായിരുന്ന ചെൽസിയെ ഒരൊറ്റ സീസൺകൊണ്ട്‌ ഇംഗ്ളീഷ് ഫുട്ബോളിന്റെ നെറുകയിലെത്തിച്ചിരിക്കുന്നു അന്റോണിയോ കോണ്ടേ, അതും റെക്കോർഡ് ജയങ്ങളുമായി തീർത്തും ഏകപക്ഷീയമായി.

ഒരു പരിശീലകന് ടീം ഘടനയിലും കളിക്കാരുടെ ആത്മവിശ്വാസത്തിലും എത്രത്തോളം സ്വാധീനം ചെലുത്താനാവും എന്നതിന്റെ ഈ അടുത്ത കാലത്തെ ഏറ്റവും മികച്ച ഉദാഹരണമാണ് അന്റോണിയോ കൊണ്ടേയുടെ ചെൽസിയുടെ പ്രകടനം. സ്റ്റാംഫോഡ് ബ്രിഡ്ജിലെ വമ്പൻ കളിക്കാരുടെ കാര്യം പോട്ടെ താരതമ്യേന ശരാശരിക്കാർ എന്ന് ഫുട്ബോൾ ലോകം വിലയിരുത്തിയ വിക്ടർ മോസസ്, മാർക്കോസ് അലോൻസോ എന്നിവരൊക്കെ ഈ സീസണിൽ ചെൽസിക്കായി നടത്തിയ പ്രകടനം ലോകോത്തരം എന്ന് മാത്രമേ പറയാനാവൂ. കൂടാതെ ഡേവിഡ് ലൂയിസ് എന്ന പഴയ ചെൽസി കളിക്കാരനെ ചെൽസി വീണ്ടും ലണ്ടനിൽ എത്തിച്ചപ്പോൾ നെറ്റി ചുളിച്ചവരാണ് അധികവും. എന്നാൽ കൊണ്ടേയുടെ കീഴിൽ തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് ഡേവിഡ് ലൂയിസ് നടത്തിയത്. ഒരുകാലത്ത് പ്ലേ സ്റ്റേഷൻ ഫുട്ബോളർ എന്ന് തന്നെ അധിക്ഷേപിച്ച മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും സ്കൈ സ്പോർട്സ് പണ്ഡിറ്റുമായ ഗാരി നേവില്ലേയെകൊണ്ടു തന്റെ വാക്കുകൾ തിരുത്തിച്ച പ്രകടനം. ഇത്തവണ നേവില്ലെയുടെ ടീം ഓഫ് ദി സീസണിലും ലൂയിസ് ഇടം നേടി. ഈ നേട്ടങ്ങൾക്കെല്ലാം ലൂയിസ് നന്ദി പറയുന്നത് കൊണ്ടേയോട് മാത്രമാണ്.

മുൻപ് പരിശീലിപ്പിച്ച യുവന്റസിലും ഇറ്റാലി ദേശീയ ടീമിലും താൻ പരീക്ഷിച്ചു വിജയിച്ച 3-5-2 ഫോർമേഷൻ പരിശീലകന്റെ പരമാധികാരത്തിൽ നേരിട്ട് ചെൽസിയിൽ നടപ്പാക്കുന്നതിന് പകരം ചെൽസി താരങ്ങൾ ശീലിച്ചതിനോട് ഏറെ സാമ്യമുള്ള 4-2-4 ശൈലിയിൽ സീസൺ തുടങ്ങിയതിൽ തുടങ്ങുന്നു കൊണ്ടേയുടെ വിജയം. ഈ ശൈലിയിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ ജയിച്ച ചെൽസി പക്ഷെ പിന്നീട് സ്വാൻസിയോട് സമനില വഴങ്ങുകയും ലിവർപൂളിനോടും അഴ്സണലിനോടും തോറ്റ് തകർന്നടിയുകയും ചെയ്തു. പിന്നീട് ഹൾ സിറ്റിക്കെതിരായ മത്സരത്തിൽ അന്റോണിയോ തന്റെ ചെൽസി വിപ്ലവം ആരംഭിച്ചു. 3-4-3 ഫോർമേഷനിൽ ടീമിനെ നിരത്തിയ കോണ്ടേ മുൻ സീസണുകളിൽ ചെൽസിയുടെ അഭിവാജ്യ ഘടകമായിരുന്ന ക്യാപ്റ്റൻ ടെറി, സെസ്ക് ഫാബ്രിഗാസ് , ഇവാനോവിച് എന്നിവരെ ടീമിന് പുറത്തിരുത്താനും മടിച്ചില്ല. ഒരു പക്ഷേ ഫാൻസിനെ എതിർപക്ഷത്ത് നിർത്താമായിരുന്ന ഈ മാറ്റങ്ങൾ ചെൽസിയെ എത്തിച്ചത് 13 മത്സരങ്ങളിലെ തുടർച്ചയായ ജയങ്ങളിലാണ്.

ടീം ഗ്രൗണ്ടിൽ ഇറങ്ങിയാൽ ബെഞ്ചിൽ ഇരിക്കാതെ ടച്ച് ലൈനിൽ ടീമിന് നിരന്തരം നിർദേശങ്ങൾ നൽകുകയും ടീം ഗോൾ നേടിയാൽ കളിക്കാർക്കൊപ്പം അവരെക്കാൾ ആവേശത്തിൽ ആഘോഷിക്കുകയും ചെയ്യുന്ന കോണ്ടേ ഈ സീസണിലെ സ്ഥിരം കാഴ്ചയായിരുന്നു.

കളിക്കാർക്കൊപ്പം ആവേശം പങ്കിടുമ്പോഴും അച്ചടക്കത്തിന്റെ കാര്യത്തിൽ തനി ഇറ്റാലിയൻ കണിശത കാക്കാൻ കൊണ്ടേക്കായി. പല കാരണങ്ങൾ കൊണ്ട് താനുമായും തന്റെ സ്റ്റാഫുമായും ഉടക്കിയ സ്ട്രൈക്കർ ഡിയാഗോ കോസ്റ്റയെ ഒരു മത്സരത്തിൽ പുറത്തിരുത്തിയാണ്‌ കോണ്ടേ പ്രതികരിച്ചത്. അതും എണ്ണം പറഞ്ഞ ഗോളുകളുമായി കോസ്റ്റ മികച്ച ഫോമിൽ നിൽക്കുമ്പോൾ. പ്രീമിയർ ലീഗ് അതികൃതരുമായും ഇംഗ്ലണ്ടിലെ പത്രക്കാരുമായും സ്ഥിരം ഉടക്കിയിരുന്ന തന്റെ മുൻഗാമി മൗറീഞ്ഞോയുടെ ശൈലിക്ക് പകരം ഇവരുമൊക്കെയായി മികച്ച ബന്ധം നിലനിർത്താനും കൊണ്ടേക്കായി.

മുൻപ് 7 ആം സ്ഥാനത്തിരുന്ന യുവന്റസിനെ തുടർച്ചയായ മൂന്ന് സീരി എ കിരീടത്തിലേക്ക് നയിച്ച കോണ്ടേ അതുപോലെയോ അതിലധികമോ ഉള്ള നേട്ടങ്ങളാവും ചെൽസിയോടൊപ്പം ലക്ഷ്യമിടുക. പ്രത്യേകിച്ചും അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിലേക്ക് മടങ്ങിവരുന്ന നീലപടയുടെ പ്രകടനം എങ്ങനെയാവും എന്ന് എല്ലാവരും ഉറ്റു നോക്കുന്ന സാഹചര്യത്തിൽ. പക്ഷെ നിലവിലെ കളിക്കാരുടെ മാത്രം സഹായത്തിൽ അത് നടക്കാൻ ഇടയില്ല എന്ന് അറിയാവുന്ന കോണ്ടേ ഒരുപറ്റം ലോകോത്തര താരങ്ങളെ ഇത്തവണ ലണ്ടനിലെത്തിക്കും എന്ന് തന്നെയാണ് ചെൽസി ആരാധകർ പ്രതീക്ഷിക്കുന്നത്.

Advertisement