ഏഞ്ചൽ ഗോമസ് ഒരു പോഗ്ബയാകുമോ?

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ താരം ഏഞ്ചൽ ഗോമസ് ക്ലബ് വിട്ട് പോകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്‌ ഒരുപാട് പ്രതീക്ഷകൾ യുണൈറ്റഡിന് ഉണ്ടായിരുന്ന താരമാണ് ഏഞ്ചൽ ഗോമസ്. എന്നാൽ യുണൈറ്റഡ് എത്ര വലിയ കരാർ കൊടുത്തിട്ടും താരം ക്ലബിൽ നിൽക്കാൻ ഒരുക്കമല്ല എന്നാണ് പരിശീലകൻ സോൾഷ്യർ സൂചന നൽകിയത്. കളിക്കാൻ അവസരം കിട്ടാത്തത് തന്നെയാണ് ഗോമസിന്റെ പ്രശ്നം.

പത്താം നമ്പർ പൊസിഷനിൽ കളിക്കേണ്ട താരമാണ് ഗോമസ്. അല്ലായെങ്കിൽ അറ്റാക്കിംഗ് തേർഡിൽ ഏതെങ്കിലും ഒരു വൈഡ് പൊസിഷൻ. എന്നാൽ മാഞ്ചസ്റ്ററിൽ ഇപ്പോൾ സ്ട്രൈക്കറിന് പിറകിൽ കളിക്കാൻ ബ്രൂണോയും പോഗ്ബയും ഉണ്ട്. വൈഡ് അറ്റാക്കിൽ കളിക്കാനും നിരവധി താരങ്ങൾ. ഇത് തന്റെ അവസരം കുറക്കും എന്ന് ഗോമസ് കണക്കാക്കുന്നു. ഇതാണ് മറ്റു ക്ലബ് തേടി ഗോമസ് പോകാൻ കാരണം.

ഗോമസിന് ആവശ്യത്തിന് അവസരങ്ങൾ യുണൈറ്റഡ് കൊടുത്തിരുന്നു എങ്കിലും അപ്പോഴൊന്നും താരം തിളങ്ങിയില്ല എന്നത് ക്ലബിന് താരത്തിനു മേൾ ഉള്ള പ്രതീക്ഷയും കുറച്ചു. എന്നാൽ ഇപ്പോൾ ഗോമസ് ക്ലബ് വിടുമ്പോൾ അത് യുണൈറ്റഡിന് പഴയ ഒരു ഓർമ്മ നൽകുന്നു. പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് യുവന്റസിലേക്ക് പോയത്. അന്ന് ഫ്രീ ട്രാൻസ്ഫറിൽ യുവന്റസിൽ എത്തിയ പോഗ്ബയെ ഏതാനും വർഷങ്ങൾ കഴിഞ്ഞ് 90 മില്യൺ യൂറോ നൽകി വാങ്ങേണ്ടി വന്നിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്.

ഗോമസിന് എല്ലാ വിധ ആശംസകളും യുണൈറ്റഡ് നേരുമ്പോഴും അത്തരത്തിൽ ഒരു ഭയം യുണൈറ്റഡ് ആരാധകരെ അലട്ടുന്നുണ്ടാകും.