യുവ ബ്രസീലിയൻ താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ മധ്യനിര താരം ആന്ദ്രേയസ് പെര്യേരക്ക് ഓൾഡ് ട്രാഫോഡിൽ പുതിയ കരാർ. താരം കരാർ പുതുക്കിയ വിവരം ഇന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ഒഫിഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും വെബ്‌സൈറ്റ് വഴിയും പുറത്തുവിട്ടത്. പുതിയ കരാർ പ്രകാരം പെര്യേരക്ക് 2023 ജൂൺ വരെ ഓൾഡ് ട്രാഫോഡിൽ തുടരാൻ കഴിയും. യുവതാരം റാഷ്‌ഫോർഡിന്റെയും കരാർ കഴിഞ്ഞ ദിവസം യുണൈറ്റഡ് പുതുക്കിയിരുന്നു.

നാല് വർഷത്തെ കരാറിൽ ആണ് പെര്യേര ഒപ്പിട്ടിരിക്കുന്നത്, വേണ്ടി വന്നാൽ ഒരു വര്ഷം കൂടെ കരാർ പുതുക്കാനുള്ള സാധ്യതയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 23 വയസുകാരനായ പെര്യേര 2011-12 സീസണിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. അക്കാദമി താരമായ പെര്യേര ഇതുവരെ ഫസ്റ്റ് ടീമിനായി 35 മത്സരങ്ങളിൽ കുപ്പായം അണിഞ്ഞിട്ടുണ്ട്.

ബെൽജിയത്തിൽ ജനിച്ച പെര്യേര ബ്രസീലിനു വേണ്ടിയാണു കളിക്കുന്നത്. മുൻ ബ്രസീലിയൻ താരമായ മാർക്കോസ് പെര്യേരയുടെ മകനായ ആന്ദ്രേയസ് പെര്യേര കഴിഞ്ഞ വര്ഷം ബ്രസീലിനു വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു.

കഴിഞ്ഞ വർഷമാണ് പെര്യേര മാഞ്ചസ്റ്റർ യുണൈറ്റഡ് ഫസ്റ്റ് ടീമിൽ സ്ഥിരാംഗമാവുന്നത്, അതിനു മുൻപ് വലൻസിയയിലും ഗ്രാനഡയാലും ഓരോ വര്ഷം ലോൺ അടിസ്ഥാനത്തിൽ പെര്യേര കളിച്ചിരുന്നു. സൗതാംപ്ടന് എതിരെയുള്ള ബോക്സിനു പുറത്തുവെച്ചു നേടിയ പെര്യേരയുടെ ഗോൾ കഴിഞ്ഞ വർഷത്തെ മികച്ച ഗോളായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ തിരഞ്ഞെടുത്തിരുന്നു.

Advertisement