അബദ്ധവുമായി വീണ്ടും അലിസൺ, ലിവർപൂൾ തകർന്നടിയുന്നു

20210213 195516

ലിവർപൂളിന്റെ കഷ്ടകാലം തുടരുന്നു. ഒരു വൻ പരാജയം കൂടെ നേരിടേണ്ടി വന്നിരിക്കുകയാണ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ. ഇന്ന് കിങ്പവർ സ്റ്റേഡിയത്തിൽ ലെസ്റ്റർ സിറ്റിയെ നേരിട്ട ലിവർപൂൾ ഒരു ഗോളിന് മുന്നിൽ നിന്ന ശേഷമാണ് തകർന്നടിഞ്ഞത്. മികച്ച മത്സരമായിരുന്നു തുടക്കം മുതൽ ഇന്ന് കണ്ടത്. രണ്ട് ടീമുകളും നിരന്തരം അവസരങ്ങൾ സൃഷ്ടിക്കുകയും രണ്ടു ടീമുകളുടെയും ഗോൾ ശ്രമങ്ങൾ ഗോൾ പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തിരുന്നു.

67ആം മിനുട്ടിൽ ആണ് ലിവർപൂൾ ലീഡ് എടുത്തത്. റൊബേർട്ടോ ഫർമീനോയുടെ എല്ലാവരെയും അത്ഭുതപ്പെടുത്തിയ അസിസ്റ്റിൽ നിന്ന് ഒരു ഇടം കാലൻ ഫിനിഷിലൂടെ സലാ ആണ് ലിവർപൂളിന് ലീഡ് നൽകിയത്. ലിവർപൂൾ വിജയവഴിയിൽ മടങ്ങി എത്തും എന്ന് തോന്നിപ്പിച്ചു എങ്കിലും അവരുടെ ഡിഫൻസ് പിന്നീട് തകർന്നടിഞ്ഞു. ആദ്യം ഒരു ഫ്രീകിക്കിൽ നിന്ന്ൻ നേരിട്ട് ഗോൾ നേടിക്കൊണ്ട് മാഡിസൺ ലെസ്റ്ററിന് സമനില നൽകി.

പിന്നീടായിരുന്നു അലിസന്റെ അബദ്ധം വന്നത്. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ പറ്റിയ അബദ്ധം മറക്കുന്നതിന് മുന്നെയാണ് അലിസൺ ഇന്നും ഗോൾ സംഭാവന ചെയ്തത്‌. അലിസൻ സമ്മാനിച്ച ബോൾ എടുത്ത് വാർഡി ലെസ്റ്ററിന് ലീഡ് നൽകി. ഇതോടെ കളി കൈവിട്ട ലിവർപൂൾ 85ആം മിനുട്ടിൽ ഒരു ഗോൾ കൂടെ വഴങ്ങി. ഹാർബി ബാർൻസ് ആയിരുന്നു മൂന്നാം ഗോൾ നേടിയത്. വിജയത്തോടെ 46 പോയിന്റുമായി ലെസ്റ്റർ സിറ്റി ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തി. 40 പോയിന്റുമായി ലിവർപൂൾ നാലാം സ്ഥാനത്ത് നിൽക്കുകയാണ്.

Previous articleവീണ്ടും പാപയ്ക്ക് ഗോൾ, പഞ്ചാബിന് ഒന്നാം സ്ഥാനം
Next articleഅത്ലറ്റിക്കോ മാഡ്രിഡ് വിജയ വഴിയിലേക്ക് തിരികെയെത്തി