ഫുൾഹാമിനെതിരെ അലിസൺ മടങ്ങിവരുമെന്ന് സൂചന നൽകി ലിവർപൂൾ പരിശീലകൻ

ഞായറാഴ്ച നടക്കുന്ന ഫുൾഹാമിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ഗോൾ കീപ്പർ അലിസൺ ലിവർപൂൾ ടീമിലേക്ക് മടങ്ങി വരുമെന്ന സൂചന നൽകി ലിവർപൂൾ യർഗൻ ക്ലോപ്പ്. അലിസൺ പരിക്ക് മാറി പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നും ക്ലോപ്പ് പറഞ്ഞു. അവസാന ദിവസം നടക്കുന്ന ഫിറ്റ്നസ് ടെസ്റ്റിന് ശേഷം മാത്രമാവും അലിസൺ ടീമിൽ ഉണ്ടാവുമോ എന്ന കാര്യം ലിവർപൂൾ പരിഗണിക്കുക. കഴിഞ്ഞ മാസം നടന്ന ബ്രൈറ്റനെതിരായ മത്സരത്തിനിടെയാണ് അലിസണ് ഹാംസ്ട്രിങ് പരിക്കേറ്റത്.

അതെ സമയം പരിക്കേറ്റ താരം ഡിയഗോ ജോട്ട കളിക്കുമോ എന്ന കാര്യത്തിൽ ലിവർപൂൾ പരിശീലകൻ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെയാണ് ജോട്ടക്ക് പരിക്കേറ്റത്. നിലവിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്താണ് ലിവർപൂൾ. 24 പോയിന്റുള്ള ലിവർപൂൾ ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.