അഗ്യൂറോ!!!!!!

Screenshot 20211216 152408

മാഞ്ചസ്റ്ററിൽ ‘ബ്ലൂ മൂൺ’ ഉദിച്ച ദിനം ഓർമ്മയുണ്ടോ? ഏത് കായിക പ്രേമിയാണ് ആ ദിനം മറക്കുക അല്ലേ? സണ്ടർലാന്റിന് എതിരായ മത്സര വിജയത്തിന് ശേഷം കിരീടം ഉറപ്പിച്ച സാക്ഷാൽ അലക്‌സ് ഫെർഗൂസന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിനു ഒപ്പം ലോകം തന്നെ ഞെട്ടിയ നിമിഷം. ഇഞ്ച്വറി സമയത്ത് ക്വീൻസ് പാർക്ക് റേഞ്ചേഴ്സിന് എതിരെ 2-2 നിന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് 94 മത്തെ മിനിറ്റിൽ കിരീടം സമ്മാനിച്ച ആ ഗോൾ. ബലോട്ടല്ലിയുടെ പാസ് സ്വീകരിച്ചു പ്രതിരോധത്തെ മറികടന്നു അഗ്യൂറോ നേടിയ ഗോൾ അവസാനിപ്പിച്ചത് 34 വർഷത്തെ മാഞ്ചസ്റ്റർ സിറ്റിയുടെ നീണ്ട കാത്തിരിപ്പ് ആയിരുന്നു. ആ ദിനം ആണ് പിന്നീട് ഇങ്ങോട്ട് മാഞ്ചസ്റ്റർ സിറ്റിയെ ലോകത്തിലെ മികച്ച ക്ലബിൽ ഒന്നായി ഉയരാൻ അടിത്തറ ഇട്ടത്. അന്ന് ജോ ഹാർട്ടിനും അഗ്യൂറോക്കും സിറ്റി താരങ്ങൾക്കും ഒപ്പം ഭ്രാന്തമായി ആണ് ഒരു ജീവിതകാലത്തെ കുത്തു വാക്കുകൾ കേട്ട മാഞ്ചസ്റ്റർ സിറ്റി ആരാധകർ ആഘോഷിച്ചത്. ഭ്രാന്തമായി ആഘോഷിക്കുന്ന റോബർട്ടോ മാഞ്ചിനിയെ മറക്കാൻ ആവുമോ? വലുതായി ഒരിക്കലും കരയില്ല എന്നു പറഞ്ഞ എത്ര മനുഷ്യർ ആണ് അന്ന് മാഞ്ചസ്റ്റർ തെരുവിൽ കരഞ്ഞു നടന്നത്. അഗ്യൂറോ അന്ന് കുറിച്ചത് മാഞ്ചസ്റ്റർ സിറ്റി എന്ന ഇന്നത്തെ ലോക ഫുട്‌ബോൾ വമ്പന്മാരുടെ ജാതകം തന്നെയായിരുന്നു.

അറബി പണത്തിന്റെ മികവിൽ വിൻസെന്റ് കമ്പനിയും, ഡേവിഡ് സിൽവയും, യായ ടോറെയും, സെർജിയോ കുൻ അഗ്യൂറോയും ചേർന്നു മാഞ്ചസ്റ്റർ സിറ്റിയെ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായി മാറ്റിയ കഥ ലോകം മൊത്തം കണ്ടത് ആണ്. 15 മത്തെ വയസ്സിൽ അർജന്റീനൻ ക്ലബ് ഇൻഡിപെന്റെയിൽ അരങ്ങേറ്റം കുറിച്ച അഗ്യൂറോ പെട്ടെന്ന് തന്നെ യൂറോപ്പിലെ വമ്പൻ ക്ലബുകളുടെ നോട്ടപ്പുള്ളിയായി. തുടർന്ന് 2006 ൽ അത്ലറ്റികോ മാഡ്രിഡിലൂടെയാണ് അഗ്യൂറോ യൂറോപ്പിൽ എത്തുന്നത്. ക്ലബ് റെക്കോർഡ് തുകക്ക് ആയിരുന്നു അത്ലറ്റികോ താരത്തെ ടീമിൽ എത്തിച്ചത്. ഫെർണാണ്ടോ ടോറസ് ലിവർപൂളിലേക്ക് പോയ ശേഷം അഗ്യൂറോ അത്ലറ്റികോയിൽ സ്വന്തം മേൽ വിലാസം കുറിക്കുന്നത് ആണ് ലോകം പിന്നീട് കണ്ടത്. ഡീഗോ ഫോർലാനും അഗ്യൂറോയും അത്ലറ്റികോയിൽ മികച്ച മുന്നേറ്റ നിര ആയി തന്നെ വളർന്നു. 2009-10 സീസണിൽ അത്ലറ്റികോ മാഡ്രിഡിന് യൂറോപ്പ ലീഗ് കിരീടം സമ്മാനിക്കുന്ന അഗ്യൂറോ അടുത്ത സീസണിൽ അവരുടെ യൂറോപ്പ സൂപ്പർ കപ്പ് നേട്ടത്തിൽ നിർണായക പങ്ക് ആണ് വഹിച്ചത്. മൗറീന്യോയുടെ ഇന്റർ മിലാനു എതിരെ ഗോൾ അടിച്ചും അടിപ്പിച്ചും അഗ്യൂറോ തന്നെയാണ് സ്പാനിഷ് ടീമിന് കിരീടം സമ്മാനിക്കുന്നത്. കരിയറിൽ ആദ്യമായി ലീഗിൽ ഈ സീസണിൽ 20 തിൽ അധികം ഗോളുകൾ അടിക്കുന്ന അഗ്യൂറോ പക്ഷെ സീസൺ അവസാനം ക്ലബ് വിട്ടു മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറി.

അറബി പണം ഇംഗ്ലണ്ടിലെ പരമ്പരാഗത അധികാര സമവാക്യങ്ങൾ മാറ്റാൻ ഒരുങ്ങുന്ന കാലത്ത് സിറ്റിക്ക് തങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാൻ ലഭിച്ച ഏറ്റവും വലിയ തുറുപ്പ് ചീട്ട് അത് തന്നെയായിരുന്നു അഗ്യൂറോ. 35 മില്യണിന്റെ റെക്കോർഡ് തുകക്ക് ടീമിൽ എത്തിയ അഗ്യൂറോ 16 നമ്പർ അണിഞ്ഞു തന്റെ പേരിനു ഒപ്പം ചെറുപ്പത്തിൽ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രത്തിന്റെ ഓർമ്മക്ക് ‘കുൻ’ എന്നു കൂടി ചേർക്കുന്നത് ഈ സമയത്ത് ആണ്. സ്വാൻസിയക്ക് എതിരെ പകരക്കാരൻ ആയി ഇറങ്ങി 8 മിനിറ്റിനുള്ളിൽ സിറ്റിയിലും പ്രീമിയർ ലീഗിലും അഗ്യൂറോ തന്റെ ആദ്യ ഗോൾ നേടുന്നുണ്ട്. തുടർന്ന് ഒരു അസിസ്റ്റു കൂടി നൽകുന്ന അഗ്യൂറോ ബോക്സിന് പുറത്ത് നിന്ന് 30 യാർഡ് അകലെ നിന്നു ഒരു ബുള്ളറ്റ് ഗോളിലൂടെയാണ് തന്റെ അരങ്ങേറ്റം അവസാനിപ്പിക്കുന്നത്. ഒരുപാട് തവണ അഗ്യൂറോ ഈ ശീലം സിറ്റിയിൽ തുടരുന്നത് ആണ് പിന്നീട് കാണാൻ ആയത്. പിന്നീട് വിഗാനു എതിരെ തന്റെ ആദ്യ പ്രീമിയർ ലീഗ് ഹാട്രിക്കും താരം സീസണിൽ നേടുന്നുണ്ട്. പിന്നീട് റെക്കോർഡ് 12 തവണയാണ് പ്രീമിയർ ലീഗിൽ അഗ്യൂറോ ഹാട്രിക് നേടുന്നത്. പിന്നീട് മിട്രോവിച്ചിന്റെ ഗോളിൽ പിറകിൽ പോയ ന്യൂകാസ്റ്റിലിന് എതിരെ 60 മിനിറ്റിൽ 5 ഗോളുകൾ അടിക്കുന്ന അഗ്യൂറോ, ടോട്ടൻഹാമിനു എതിരെ പെനാൽട്ടി പാഴാക്കിയിട്ടും നാലു ഗോളുകൾ അടിക്കുന്ന അഗ്യൂറോ ഇങ്ങനെ ഒരുപാട് ഹാട്രിക്കുകൾ ആണ് അഗ്യൂറോ അനായാസം അടിക്കുന്നത്. തന്റെ സിറ്റിയിലെ ആദ്യ സീസണിലെ അവസാന മത്സരത്തിൽ ആണ് ലോക കായിക ചരിത്രത്തിലെ തന്നെ അവിസ്മരണീയ അധ്യായം അഗ്യൂറോ കുറിക്കുന്നത്. സീസണിൽ സിറ്റിയുടെ മികച്ച താരവും മികച്ച ഗോളും അടക്കം അവാർഡുകളും താരം വാരി കൂട്ടി.

അടുത്ത സീസണിൽ അഗ്യൂറോയെ പരിക്ക് വലച്ചപ്പോൾ സിറ്റി ലീഗിൽ രണ്ടാമത് ആയി. ഈ സമയത്ത് റയൽ മാഡ്രിഡിൽ പോവാനുള്ള ക്ഷണം അഗ്യൂറോ നിരസിക്കുന്നുണ്ട്. അടുത്ത സീസണിൽ തന്റെ രണ്ടാം ലീഗ് കിരീടം താരം സ്വന്തം പേരിലാക്കി. അടുത്ത സീസണിൽ ലീഗിൽ ആദ്യമായി ടോപ്പ് സ്‌കോറർ ആവുന്നുമുണ്ട് അഗ്യൂറോ. ഗാർഡിയോള യുഗത്തിലും തന്റെ മികവ് തുടരുന്ന അഗ്യൂറോ ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനും പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന വിദേശ താരം എന്ന റെക്കോർഡും സ്വന്തം പേരിൽ ആക്കുന്നുണ്ട്. സാക്ഷാൽ തിയറി ഒൻറിയെ ആണ് അഗ്യൂറോ മറികടന്നത്. ഗാർഡിയോളക്ക് ഒപ്പം മൂന്നു തവണയും മുമ്പ്‌ രണ്ടു തവണയും അടക്കം 5 തവണ പ്രീമിയർ ലീഗ് കിരീടം നേടുന്ന അഗ്യൂറോ അവസാന സീസണിൽ ടീമിന്റെ ചാമ്പ്യൻസ് ലീഗ് ഫൈനൽ നേട്ടത്തിലും പങ്കാളിയായി. ഒരു തവണ എഫ്.എ കപ്പ്, ആറു തവണ ലീഗ് കപ്പ് തുടങ്ങി സിറ്റിയിൽ ഒരു പതിറ്റാണ്ട് കൊണ്ടു അഗ്യൂറോ വാരി കൂട്ടിയ നേട്ടങ്ങൾ നിരവധിയാണ്. പ്രീമിയർ ലീഗിൽ 184 ഗോളുകൾ നേടിയ അഗ്യൂറോ ചാമ്പ്യൻസ് ലീഗിൽ 41 തവണയും വല ചലിപ്പിച്ചു. അവസാന സീസണിൽ പലപ്പോഴും ബെഞ്ചിൽ ഇടം പിടിച്ച അഗ്യൂറോ ബാഴ്‌സലോണയിൽ എത്തിയത് പലരെയും അമ്പരപ്പിച്ചു. തുടർന്ന് ഹൃദയ സംബന്ധമായ അസുഖം കണ്ണീരോടെ കരിയറിനോട് 33 മത്തെ വയസ്സിൽ വിട പറയാൻ അഗ്യൂറോയെ നിർബന്ധിതനാക്കിയപ്പോൾ ഓർമ്മയിൽ നിറയുന്നത് അവിസ്മരണീയമായ അവിശ്വസനീയമായ ഒരുപാട് ഓർമ്മകൾ തന്നെയാണ്. വെറും നാലു മത്സരങ്ങൾ ആണ് ബാഴ്‌സലോണയിൽ അഗ്യൂറോ കളിക്കുന്നത്.

അർജന്റീനയിൽ ലയണൽ മെസ്സി എന്ന പോലെ 2005, 2007 അണ്ടർ 20 ലോക കിരീട നേട്ടത്തിൽ അഗ്യൂറോ പങ്കാളി ആവുന്നുണ്ട്. അർജന്റീനയുടെ സുവർണ തലമുറയിൽ മെസ്സിക്ക് എന്ന പോലെ ക്ലബിന് മാത്രം കളിക്കുന്നവൻ എന്ന വിമർശനം ഒരുപാട് കേട്ടു അഗ്യൂറോ. 2006 ൽ ബ്രസീലിനു എതിരെ ഒരു സൗഹൃദ മത്സരത്തിൽ അർജന്റീനക്ക് ആയി അരങ്ങേറുന്ന അഗ്യൂറോ 2010 ൽ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയക്ക് എതിരെയാണ് തന്റെ ആദ്യ അർജന്റീന ഗോൾ നേടുന്നത്. 2010 ലോകകപ്പിൽ പങ്കാളി ആവുന്ന അഗ്യൂറോ 2014 ലെ ലോകകപ്പ് ഫൈനൽ കണ്ണീരിനും അർജന്റീനക്ക് ഒപ്പം പങ്കാളിയായി. തുടർന്ന് 2015, 2016 കോപ്പ അമേരിക്ക ഫൈനൽ പരാജയത്തിലും അഗ്യൂറോ കണ്ണീരോടെ അർജന്റീനക്ക് ഒപ്പം പങ്കാളിയായി. തുടർന്ന് 2018 ലോകകപ്പ്, 2019 കോപ്പ അമേരിക്ക നിരാശ എന്നിവയിലും ഭാഗമായ അഗ്യൂറോ 2021 കോപ്പ യിൽ ൽ പതിറ്റാണ്ടുകളുടെ കിരീട കാത്തിരിപ്പ് അർജന്റീന അവസാനിക്കുമ്പോൾ അതിലും ഭാഗമായി. 101 മത്സരങ്ങൾ അർജന്റീനക്ക് ആയി കളിച്ച അഗ്യൂറോ 41 ഗോളുകൾ ആണ് രാജ്യത്തിനു ആയി നേടിയത്. ക്ലബ് കരിയറിന് ഒപ്പം നിൽക്കില്ല എന്നു പറഞ്ഞാലും അർജന്റീനയിലും തന്റെ ഭാഗം അഗ്യൂറോ ഭംഗി ആക്കിയിട്ടുണ്ട്. അർജന്റീന, ലാറ്റിൻ അമേരിക്കൻ താരങ്ങൾക്ക് പറ്റാത്ത മണ്ണ് ആണ് ഇംഗ്ലണ്ട്, ആ കളി ശൈലി ലാറ്റിൻ അമേരിക്കൻ താരങ്ങൾക്ക് പറ്റിയത് അല്ല എന്ന ഒരുപാട് വാദങ്ങളുടെ കഴുത്തിൽ കത്തി വച്ചിട്ട് ആണ് അഗ്യൂറോ ഇംഗ്ലണ്ടിൽ നിന്നു മടങ്ങിയത്. അതും പ്രീമിയർ ലീഗ് ചരിത്രം കണ്ട എക്കാലത്തെയും മഹാനായ താരങ്ങളിൽ ഒരാൾ എന്ന പദവിയും ആയി. കണ്ണീരോടെ സങ്കടകരമായ അവസ്ഥയിൽ അഗ്യൂറോ ഫുട്‌ബോളിനോട് വിട പറയുന്ന സമയത്ത് ഓർമ്മകളിൽ വരുന്ന നിമിഷങ്ങൾ ഒരുപാട് ആണ്. എന്നാൽ അതിൽ ആ പ്രീമിയർ ലീഗ് സീസണിലെ അവസാന മത്സരത്തിലെ അവസാന നിമിഷങ്ങൾക്ക് പകരം ഒന്നിനും ആവില്ല. ഇന്നും പീറ്റർ ഡ്രൂറി അഗ്യൂറോറോറോറോ! എന്നു നിലവിളിക്കുന്നത് കാതിൽ മുഴങ്ങുന്നുണ്ട്. നന്ദി ‘കുൻ’ എല്ലാ മാന്ത്രിക നിമിഷങ്ങൾക്കും.

Previous articleയൂറോ കോപ്പ ചാമ്പ്യന്മാരുടെ പോരാട്ടം ലണ്ടണിൽ വെച്ച്
Next articleപ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവെക്കണം എന്ന് ബ്രെന്റ്ഫോർഡ് പരിശീലകൻ