
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ബ്രൈറ്റണെതിരെ ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് യുണൈറ്റഡ് വിജയം നേടിയത്. ആഷ്ലി യങ് ആണ് ചുവന്ന ചെകുത്താന്മാരുടെ വിജയ ഗോൾ നേടിയത്.
ഓൾഡ് ട്രാഫോഡിൽ പൊസഷൻ ഫുട്ബാൾ കളിച്ച ബ്രൈറ്റൺ യൂണൈറ്റഡിനെതിരെ ആധിപത്യം പുലർത്തിയാണ് മത്സരം തുടങ്ങിയത്. ലഭിച്ച അവസരങ്ങൾ മുതലാക്കുന്നതിൽ ഇരു ടീമുകളും പരാജയപ്പെടുകയും, ലുക്കാകുവിൻ്റെയും പോഗ്ബയുടെയും ഷോട്ടുകൾ ഗോൾ കീപ്പർ തടഞ്ഞിടുകയും ചെയ്തതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചു കളിച്ച യുണൈറ്റഡ് യങ്ങിലൂടെ ലക്ഷ്യം കണ്ടു. മത്സരത്തിൽ ഉടനീളം മനോഹരമായി കളിച്ച യങ് അർഹിച്ച ഗോൾ നേടി യുണൈറ്റഡിന് ലീഡ് നൽകി. യങ്ങിന്റെ ഷോട്ട് ബ്രൈറ്റൻ പ്രതിരോധ താരത്തിൽ തട്ടി വലയിലേക്ക് കയറുകയായിരുന്നു.
വിജയത്തോടെ യുണൈറ്റഡ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനം നിലനിർത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial