എഫ്.എ കപ്പിൽ പ്രമുഖർ ഇറങ്ങുന്നു; ആര്‍സനല്‍, സിറ്റി, ചെല്‍സി, ടോട്ടന്‍ഹാം ടീമുകള്‍ക്ക് മത്സരം

എഫ്.എ കപ്പിൽ ആർസനൽ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം തുടങ്ങിയ പ്രമുഖ ടീമുകൾ ഇന്ന് മത്സരത്തിനിറങ്ങും. ലീഗിൽ മോശം ഫോം തുടരുന്ന പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലെസ്റ്റർ ജയമാവും ഡർബി കൗണ്ടിക്കെതിരെ ലക്ഷ്യമിടുക. ആഫ്രിക്കൻ നാഷൻസ് കപ്പിൽ നിന്ന് തിരിച്ചെത്തിയ റിയാദ് മാഹരെസ്, ഇസ്ലാം സ്ലിമാനി എന്നിവർ ഇന്ന് ലെസ്റ്ററിനായിറങ്ങാൻ സാധ്യതയില്ല. ലീഗ് കപ്പിലും ലീഗിലും തുടർച്ചയായ പരാജങ്ങളേറ്റ് വാങ്ങിയ ലിവർപൂൾ ചാമ്പ്യൻഷിപ്പ് ടീമായ വോൾവിസിനെതിരെ ജയത്തിലേക്കുള്ള തിരിച്ച് വരവാവും ലക്ഷ്യം വക്കുക. യുവ താരങ്ങൾക്ക് അവസരം നൽകാനാവും എന്നത്തേയും പോലെ ക്ലോപ്പ് ശ്രദ്ധ വക്കുക. എന്നാൽ ജയം എത്രത്തോളം പ്രധാനമാണെന്ന് ക്ലോപ്പിന് നന്നായറിയാം.

ഹാരി കെയ്നിൻ്റെ അഭാവത്തിലാവും വൈകോമ്പ് വാണ്ടേർസിനെതിരെ ടോട്ടനം ഇറങ്ങുക. യുവതാരങ്ങളെ വച്ച് എങ്കിലും വമ്പൻ ജയത്തിന് തന്നെയാവും പോച്ചറ്റീനോ ശ്രമിക്കുക. ലീഗിൽ മികച്ച ഫോമിലുള്ള ചെൽസിയുടെ എതിരാളികൾ ചാമ്പ്യൻഷിപ്പ് ടീമായ ബ്രൻ്റ്ഫോർഡാണ്. ചാമ്പ്യൻസ് ലീഗിൻ്റെ അഭാവത്തിൽ എഫ്.എ കപ്പിൽ മികച്ച ടീമിനെ അണിനിരത്തി വലിയ ജയം കണ്ടത്താൻ തന്നെയാവും അൻ്റോണിയോ കോണ്ട ശ്രമിക്കുക. പ്രതിരോധത്തിലും മധ്യനിരയിലും താരങ്ങൾക്ക് കോണ്ട വിശ്രമം നൽകാനും സാധ്യതയുണ്ട്. ലീഗിൽ മോശം ഫോം തുടരുന്ന ക്രിസ്റ്റൽ പാലസിന് ശക്തരായ മാഞ്ചസ്റ്റർ സിറ്റിയാണ് എതിരാളികൾ. സിറ്റിക്കെതിരെ അത്ഭുതമൊന്നും ബിഗ് സാമും സംഘവും പ്രതീക്ഷിക്കുന്നില്ല. ടീമിൽ താരങ്ങളെ മാറ്റി പരീക്ഷിക്കാൻ മടിക്കാത്ത ഗാർഡിയോള വലിയ ജയം തന്നെയാവും പാലസിനെതിരെ ശ്രമിക്കുക.

പ്രീമിയർ ലീഗിൽ രണ്ടാമതുള്ള ആർസനലിനു ശക്തരായ സൗത്താപ്റ്റനാണ് എതിരാളികൾ. പരിക്കിൽ നിന്ന് താരങ്ങൾ തിരിച്ചെത്തിയത് ആർസനലിന് കരുത്ത് പകരുന്നു. തൻ്റെ പഴയ ക്ലബിനെതിരെ തിയോ വാൾകോട്ട് ഇന്ന് ടീമിൽ തിരിച്ചെത്തിയേക്കും. ഡാനി വെൽബക്ക്, ഹെക്റ്റർ ബെല്ലരിൻ എന്നിവരും ടീമിൽ തിരിച്ചെത്തിയേക്കും. പ്രതിരോധത്തിലാണ് സൗത്താപ്റ്റണു പ്രശ്നങ്ങൾ എങ്കിലും ലീഗ് കപ്പ് സെമിയിൽ ലിവർപൂളിനെതിരായ ജയം അവർക്ക് ആത്മവിശ്വാസം പകരുന്നു. ഒപ്പം ലീഗ് കപ്പിലെ ജയം ആർസലിനെതിരെ ആവർത്തിക്കാനാവും അവരുടെ ശ്രമം. മിഡിൽസ്ബ്രോ, ബേർൺലി, ന്യൂ കാസ്റ്റിൽ യുണൈറ്റഡ് ടീമുകൾക്കും ശനിയാഴ്ച്ച മത്സരമുണ്ട്. എഫ്.എ കപ്പ് മത്സരങ്ങൾ സോണി ഇ.എസ്.പി.എൻ, സോണി ഇ.എസ്.പി.എൻ എച്ച്.ഡി എന്നീ ചാനലുകളിൽ തൽസമയം കാണാവുന്നതാണ്.

എഫ്.എ കപ്പിലെ ശനിയാഴ്ച്ചത്തെ പ്രധാന മത്സരങ്ങളും മത്സര സമയവും(ഇന്ത്യൻ സമയം) താഴെ കൊടുക്കും വിധമാണ്.

ഡർബി കൗണ്ടി Vs ലെസ്റ്റർ സിറ്റി – 1.25 am
ലിവർപൂൾ Vs വോൾവ്സ് – 6 pm
ടോട്ടനം ഹോട്ട്സ്പർ Vs വൈകോമ്പ് വാണ്ടേർസ് – 8.30 pm
ചെൽസി Vs ബ്രൻ്റ്ഫോർഡ് – 8.30 pm
ക്രിസ്റ്റൽ പാലസ് Vs മാഞ്ചസ്റ്റർ സിറ്റി – 8.30 pm
സൗത്താപ്റ്റൺ Vs ആർസനൽ – 11 pm