ലീഡ്‌സിനെ സമനിലയിൽ തളച്ചു ന്യൂകാസ്റ്റിൽ

പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡ് ന്യൂകാസ്റ്റിൽ യുണൈറ്റഡ് മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടിയാണ് സമനില വഴങ്ങിയത്. 13 മത്തെ മിനിറ്റിൽ പാട്രിക് ബാഫോഡിന്റെ പാസിൽ നിന്നു അതുഗ്രൻ ലോങ് റേഞ്ചറിലൂടെ ബ്രസീലിയൻ താരം റഫീനിയയിലൂടെ ലീഡ്സ് ആണ് മത്സരത്തിൽ മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ജോലിന്റനിൽ നിന്നു ലഭിച്ച പന്ത് അപാരമായ മികവോടെ വരുതിയിലാക്കി ലീഡ്സ് താരങ്ങളെ വെട്ടിച്ചു ഗോൾ നേടിയ അലൻ സെയിന്റ് മാക്സിമിൻ ന്യൂകാസ്റ്റിൽ ആരാധകർക്ക് സെന്റ് ജെയിംസ് പാർക്കിൽ ആവേശം പകർന്നു.

തുടർന്ന് ഇരു ടീമുകളും വിജയഗോളിന് ശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. മത്സരത്തിൽ 65 ശതമാനം സമയം പന്ത് കൈവശം വച്ച ബിയേൽസയുടെ ടീം 21 ഷോട്ടുകൾ ആണ് മത്സരത്തിൽ ഉതിർത്തത്. അതേസമയം 17 ഷോട്ടുകൾ ന്യൂകാസ്റ്റിലും ഉതിർത്തു. തങ്ങളുടെ അഞ്ചാം മത്സരത്തിൽ ലീഡ്സിന് ഇത് മൂന്നാം സമനിലയാണ്, ന്യൂകാസ്റ്റിലിനു രണ്ടാം സമനിലയും. നിലവിൽ ലീഡ്സ് 16 സ്ഥാനത്തും ന്യൂകാസ്റ്റിൽ 18 സ്ഥാനത്തും ആണ്.