ചെൽസിയിൽ ലംപാർഡ് ഇഫക്റ്റ്, ലോഫ്റ്റസ് ചീക്ക് പുതിയ കരാർ ഒപ്പിട്ടു

ഫ്രാങ്ക് ലംപാർഡ് ചെൽസി പരിശീലകനായതിന് പിന്നാലെ ചെൽസിയിൽ നിന്ന് വീണ്ടും ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്ത. യുവ താരം ലോഫ്റ്റസ് ചീക് പുതിയ കരാറിൽ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം താരം 2024 വരെ ചെൽസിയിൽ തുടരും. 23 വയസുകാരനായ താരത്തിന് ശമ്പളത്തിൽ അടക്കം വൻ വർധന നൽകിയാണ് ചെൽസി താരത്തെ ക്ലബ്ബിൽ തന്നെ നിലനിർത്തുന്നത്.

മൗറീസിയോ സാരിക്ക് കീഴിൽ ചെൽസിയിൽ മികച്ച പ്രകടനം നടത്തിയ ലോഫ്റ്റസ് ചീക് നിലവിൽ പരിക്കേറ്റ് പുറത്താണ്. എങ്കിലും ഫ്രാങ്ക് ലംപാർഡിന്റെ മധ്യനിരയിൽ ഒരു സ്ഥാനം താരത്തിന് ഉണ്ടാകും എന്നുറപ്പാണ്. 2004 മുതൽ ചെൽസി അക്കാദമിയുടെ താരമായ ലോഫ്റ്റസ് ചീക് 2014 ലാണ് ചെൽസി സീനിയർ ടീമിൽ അരങ്ങേറുന്നത്. പക്ഷെ പിന്നീട് കാര്യമായ ഇടം ലഭിക്കാതെ വന്നതോടെ 2017-2018 സീസണിൽ ലോണിൽ ക്രിസ്റ്റൽ പാലസിലാണ് കളിച്ചത്. ഇവിടെ മികച്ച പ്രകടനം നടത്തിയതോടെ ഇംഗ്ലണ്ട് ദേശീയ ടീമിലും താരത്തിന് ഇടം ലഭിച്ചു. കഴിഞ്ഞ സീസണിൽ പാലസ് തരത്തിനായി ശ്രമം നടത്തിയെങ്കിലും ചെൽസി താരത്തെ ടീമിന്റെ ഭാഗമായി നിലനിർത്തി.

ലോഫ്റ്റസ് ചീക്കിന് പിന്നാലെ കാലം ഹഡ്സൻ ഓഡോയിയും പുതിയ കരാറിൽ ഒപ്പ് വച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.

Previous articleഇതിഹാസം ബറിഡ്ജ് ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പിംഗ് കോച്ച്
Next articleനാലാം റൗണ്ടിലേക്ക് അനായാസം മാർച്ച് ചെയ്തു സെറീനയും ബാർട്ടിയും