കെയ്ൻ പരിക്കേറ്റ് മടങ്ങിയിട്ടും സ്പർസിന് വൻ ജയം

- Advertisement -

ഹാരി കെയ്ൻ പരിക്കേറ്റ് പിന്മാറിയിട്ടും സ്പർസിന് വമ്പൻ ജയം. 1-4 നാണ് ടോട്ടൻഹാം ഹോട്ട്സ്പർസ് ബൗണ്മൗത് നെ മറികടന്നത്. ഡാലെ അലി, ഹ്യുങ് മിൻ സോണ് എന്നിവരുടെ മികച്ച ഫോമാണ് സ്പർസിന് അനായാസ ജയം സമ്മാനിച്ചത്. ജയത്തോടെ 61പോയിന്റുമായി സ്പർസ് മൂന്നാം സ്ഥാനത്തെത്തി. 60 പോയിന്റുള്ള ലിവർപൂളാണ് നാലാം സ്ഥാനത്ത്.

ശക്തമായ ആക്രമണ നിരയെയാണ് സ്പർസ് ഇത്തവണ കളത്തിൽ ഇറക്കിയത്. കെയ്ൻ, എറിക്സൻ, അലി എന്നിവർക്കൊപ്പം സോണും ആദ്യ ഇലവനിൽ ഇടം നേടി. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ഡാനി റോസും ഇടം നേടി.
കാലം വിൽസനൊപ്പം ലൈസ് മുസറ്റിനെയും എഡി ഹൊവെ ബൗണ്മൗത് നിരയിൽ ഉൾപ്പെടുത്തി. സ്പർസിനെ ഞെട്ടിക്കുന്ന തുടക്കമാണ് ബൗണ്മൗത് സ്വന്തം മൈതാനത്ത് നടത്തിയത്. 7 ആം മിനുട്ടിൽ ആദം സ്മിത്തിന്റെ പാസ്സിൽ നിന്ന് ജൂനിയർ സ്റ്റാനിസ്‌ലാസ് അവരെ മുന്നിലെത്തിച്ചു. 34 ആം മിനുട്ടിൽ സൂപ്പർ താരം ഹാരി കെയ്ൻ പരിക്കേറ്റ് പുറത്തായത് സ്പർസിന് വൻ തിരിച്ചടിയായി. എറിക് ലമേലയാണ് പകരം ഇറങ്ങിയത്. തൊട്ട അടുത്ത മിനുട്ടിൽ ഒറിയേയുടെ പാസ്സിൽ നിന്ന് അലി സ്പർസിനെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയിൽ സ്പർസിന്റെ രണ്ടാം ഗോളിന് വഴി ഒരുക്കിയതും അലിയായിരുന്നു. അലിയുടെ അസിസ്റ്റിൽ സോണ് ആണ് സ്പർസിന് ലീഡ് നൽകിയത്. ലീഡ് വഴങ്ങിയതോടെ ഡിഫോ, ഇബെ, ജോഷ് കിങ് എന്നിവരെ ബൗണ്മൗത് കളത്തിൽ ഇറക്കി. പക്ഷെ പിന്നീട് സ്പർസ് കൂടുതൽ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. 87 ആം മിനുട്ടിൽ സോണും, 91 ആം മിനുട്ടിൽ ഒറിയേയും വീണ്ടും വല കുലുക്കിയതോടെ 1-4 ന്റെ വമ്പൻ ജയം സ്പർസ് ഉറപ്പാക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement